
ഇൻഡോർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ രാജസ്ഥാൻ റോയൽസിൻ്റെ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെക്കുറിച്ച് സമഗ്രമായ പഠനത്തിനൊരുങ്ങി രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളായ ഐഐഎം ഇൻഡോർ. ഒരു ഇന്ത്യൻ കായികതാരത്തെ കേന്ദ്രീകരിച്ച്, പ്രത്യേകിച്ച് 15 വയസുള്ള ഒരാളെക്കുറിച്ച്, ഒരു പ്രമുഖ ബിസിനസ് സ്കൂൾ അക്കാദമിക് കേസ് സ്റ്റഡി നടത്തുന്നത് രാജ്യത്ത് ഇതാദ്യമായാണ്.
പഠനത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ:
സമ്മർദ്ദ അതിജീവനം: വെറും 15 വയസ്സുള്ള ഒരു കൗമാരക്കാരൻ കരിയറിലെ കടുത്ത മാനസിക സമ്മർദ്ദങ്ങളെയും ലോകോത്തര ബൗളർമാരെയും എങ്ങനെ മൈതാനത്ത് നേരിടുന്നു എന്ന് കണ്ടെത്തുക.
‘വൈഭവ് മോഡൽ’ വികസനം: ചെറുപ്രായത്തിൽ പെട്ടെന്നുണ്ടാകുന്ന പ്രശസ്തി, പണം, കടുത്ത മാധ്യമശ്രദ്ധ, സോഷ്യൽ മീഡിയ സമ്മർദ്ദങ്ങൾ എന്നിവ ഒരു കൗമാര പ്രതിഭയുടെ പ്രകടനത്തെയും വ്യക്തിത്വത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തുക.
പിന്തുണ സംവിധാനം: താരത്തിൻ്റെ അസാധാരണ വിജയത്തിന് പിന്നിലെ കുടുംബത്തിൻ്റെ പങ്ക്, കോച്ചുമാരുടെ മാർഗ്ഗനിർദ്ദേശം, മറ്റ് സാമൂഹിക ഘടകങ്ങൾ എന്നിവ വിശകലനം ചെയ്യുക.
ഐഐഎം ഇൻഡോർ ഡയറക്ടർ ഹിമാൻഷു റായുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ പ്രത്യേക മൾട്ടിഡിസിപ്ലിനറി റിസർച്ച് നടക്കുന്നത്. സ്പോർട്സ് സൈക്കോളജി, ബിഹേവിയറൽ സയൻസ്, ലീഡർഷിപ്പ്, ഹ്യൂമൻ റിസോഴ്സ് എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധർ ഈ സംഘത്തിലുണ്ടാകും. രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിച്ച് മൂന്ന് മാസത്തിനകം പഠനം പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഈ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ ഭാവിയിൽ ശാസ്ത്രം, കല, കായികം തുടങ്ങിയ വിവിധ മേഖലകളിൽ ചെറുപ്രായത്തിൽ തന്നെ മികവ് തെളിയിക്കുന്ന അത്ഭുത പ്രതിഭകളെ ശരിയായ രീതിയിൽ വളർത്തിയെടുക്കാനും അവരുടെ മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പഠനത്തിൻ്റെ അന്തിമ റിപ്പോർട്ട് ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡിനും അന്താരാഷ്ട്ര റിസർച്ച് ജേണലുകൾക്കും സമർപ്പിക്കും.
ഈ സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി അവിശ്വസനീയ പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചത്. 776 റൺസ് നേടി ടൂർണമെൻ്റിലെ ‘ഓറഞ്ച് ക്യാപ്’ സ്വന്തമാക്കി. 237.30 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു റൺവേട്ട. ഒരു സീസണിൽ 72 സിക്സറുകൾ നേടി ക്രിസ് ഗെയ്‌ലിൻ്റെ എക്കാലത്തെയും വലിയ റെക്കോർഡ് തിരുത്തിക്കുറിച്ചു. ഓറഞ്ച് ക്യാപ്പിന് പുറമെ ടൂർണമെൻ്റിലെ മികച്ച താരം, എമേർജിങ് പ്ലെയർ ഉൾപ്പെടെ അഞ്ച് പ്രധാന അവാർഡുകൾ താരം വാരിക്കൂട്ടി.
IIM Indore to study prodigy Vaibhav Suryavanshi















