
ഓസ്റ്റിൻ (ടെക്സസ്): അമേരിക്കയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ വെനസ്വേലൻ സ്വദേശിയെ പുറകിൽ വെടിയുണ്ടയുമായി തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നതായി പരാതി. ഓർഡർ ഡെലിവറി ചെയ്യുന്നതിനിടെ വെടിയേറ്റ വിൽബർ റാഫേൽ ഗാർസെസ് പെരസ് (28) എന്ന യുവാവിനെയാണ് മതിയായ വൈദ്യസഹായം നൽകാതെ അതീവ ഗുരുതരാവസ്ഥയിൽ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ICE) ഉദ്യോഗസ്ഥരുടെ ക്രൂരതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് യുഎസിൽ ഉയരുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഓസ്റ്റിനിൽ ഡോർഡാഷ് ഡെലിവറി നടത്തുന്നതിനിടെയാണ് സംഭവം. പെരസ് സഞ്ചരിച്ച കാറിൽ ഐ.സി.ഇ ഉദ്യോഗസ്ഥന്റെ വാഹനം വന്നിടിക്കുകയും, തുടർന്ന് ഉദ്യോഗസ്ഥൻ യുവാവിന്റെ പുറകിലേക്ക് വെടിയുതിർക്കുകയുമായിരുന്നു എന്ന് പെരസിന്റെ അഭിഭാഷക കേറ്റ് ലിങ്കൺ-ഗോൾഡ്ഫിഞ്ച് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നാല് മണിക്കൂറിനകം ബന്ധുക്കളെപ്പോലും അറിയിക്കാതെ ഓസ്റ്റിനിൽ നിന്നും രണ്ട് മണിക്കൂർ അകലെയുള്ള പിയേഴ്സാലിലെ സൗത്ത് ടെക്സസ് പ്രൊസസിംഗ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.
വെടിയുണ്ട നട്ടെല്ലിന് തൊട്ടടുത്തായി തറച്ചിരിക്കുന്നതിനാലാണ് ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുക്കാതിരുന്നതെന്ന് തടങ്കൽ കേന്ദ്രത്തിൽ നിന്നും ഫോൺ വഴി പെരസ് പറഞ്ഞു. “എന്റെ ആരോഗ്യാവസ്ഥ വളരെ മോശമാണ്. എനിക്ക് ഇവിടെ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. കട്ടിൽ പോലുമില്ലാത്ത ഒരു തണുത്ത മുറിയിലാണ് എന്നെ അടച്ചിരിക്കുന്നത്,” കഠിനമായ വേദന അനുഭവിക്കുന്ന പെരസിന് വേദനസംഹാരികൾ പോലും നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് അഭിഭാഷക ആരോപിച്ചു.
യുവാവിനെതിരെ വെടിയുതിർത്ത ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസും എഫ്.ബി.ഐയും സംയുക്ത അന്വേഷണം ആരംഭിച്ചു. പെരസ് അനധികൃതമായാണ് യുഎസിൽ പ്രവേശിച്ചതെന്നും ഇയാൾക്കെതിരെ നാടുകടത്തൽ ഉത്തരവുണ്ടായിരുന്നു എന്നുമാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ വാദം. എന്നാൽ ബൈഡൻ ഭരണകൂടത്തിന്റെ ‘CBP One’ ആപ്പ് വഴി നിയമപരമായ അനുമതിയോടെയാണ് പെരസ് 2024-ൽ രാജ്യത്തെത്തിയതെന്നും, കോടതി നോട്ടീസ് പഴയ വിലാസത്തിലേക്ക് അയച്ചതുമൂലം വിചാരണയ്ക്ക് ഹാജരാകാൻ കഴിയാത്തതിനാലാണ് ഇയാൾക്കെതിരെ അസാന്നിധ്യത്തിൽ നാടുകടത്തൽ ഉത്തരവുണ്ടായതെന്നും അഭിഭാഷക വ്യക്തമാക്കി. പെരസിന് യുഎസിൽ നിയമപരമായ ജോലി ചെയ്യാനുള്ള പെർമിറ്റ് ഉണ്ടായിരുന്നു.
പെരസിന് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലെന്ന് ഓസ്റ്റിൻ ജനപ്രതിനിധി ഗ്രെഗ് കാസർ വ്യക്തമാക്കി. ഐ.സി.ഇയുടെ നഗരത്തിലെ ഇടപെടലുകളെ അദ്ദേഹം ശക്തമായി അപലപിച്ചു. “ഡെലിവറി ഡ്രൈവർമാരെ വെടിവെച്ചും നിർമ്മാണ തൊഴിലാളികളെ പിടികൂടിയും ഐ.സി.ഇ ജനങ്ങൾക്ക് സുരക്ഷയല്ല നൽകുന്നത്. ഐ.സി.ഇ ഓസ്റ്റിൻ വിട്ടുപോകുമ്പോഴേ നഗരം സുരക്ഷിതമാകൂ,” കാസർ പറഞ്ഞു. സംഭവത്തിന്റെ ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവിടണമെന്നും ഐ.സി.ഇ നടത്തുന്ന ഇത്തരം ട്രാഫിക് പരിശോധനകൾ അവസാനിപ്പിക്കണമെന്നും പ്രാദേശിക ഭരണാധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
സമീപകാലത്തായി യുഎസിൽ ഐ.സി.ഇ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമാനമായ നിരവധി അക്രമ സംഭവങ്ങളിൽ ഒടുവിലത്തേതാണ് ഇത്. ജൂലൈയിൽ ഹൂസ്റ്റണിൽ നിർമ്മാണ തൊഴിലാളിയെ വെടിവെച്ചു കൊന്നതും, മെയ്നിൽ കൊളംബിയൻ യുവാവിന് വെടിയേറ്റതും, ഇവാൻസ്റ്റണിൽ യുഎസ് പൗരനായ ഒരാളെ മാറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതും ഇമിഗ്രേഷൻ വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നത് കഴിഞ്ഞ ജൂലൈയിൽ റെക്കോർഡ് നിരക്കിലെത്തിയതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
Immigration officer shoots delivery worker in Austin; young man held in detention center with bullet lodged near spine; ICE under fire again in the US.















