
വാഷിംഗ്ടൺ: ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) അറസ്റ്റുകൾ ഗണ്യമായി വർദ്ധിച്ച അമേരിക്കൻ നഗരങ്ങളിൽ കഴിഞ്ഞ വർഷം തൊഴിലവസരങ്ങൾ കുറഞ്ഞതായി പുതിയ പഠന റിപ്പോർട്ട്. ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവിട്ടത്. 2025-ൽ ഐസിഇ അറസ്റ്റുകൾ ഏറ്റവും വേഗത്തിൽ വർദ്ധിച്ച നഗരങ്ങളിൽ, തൊഴിൽ ലഭ്യത പ്രതീക്ഷിച്ചതിനേക്കാൾ 0.4 ശതമാനം കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി. നടപടികൾ ആരംഭിച്ച ഉടനെയും, നഗരങ്ങളെ ലക്ഷ്യമിട്ട് ഒരു വർഷം കഴിയുമ്പോഴും ഇതേ അവസ്ഥയാണ് തുടർന്നത്.
ഐസിഇയുടെ സാന്നിധ്യം ശക്തമായ നഗരങ്ങളിൽ ഓരോ അറസ്റ്റും ശരാശരി നാല് തൊഴിലുകൾ നഷ്ടപ്പെടുന്നതിന് കാരണമായതായി നോൺപാർട്ടിസൻ തിങ്ക് ടാങ്ക് വ്യക്തമാക്കി. കുടിയേറ്റക്കാരെ മാത്രമല്ല, അമേരിക്കക്കാർ ഉൾപ്പെടെയുള്ളവരെ ഈ തൊഴിൽ നഷ്ടം ബാധിച്ചതായി റിപ്പോർട്ട് പുറത്തുവിട്ട മാർസെല എസ്‌കോബാരി പറഞ്ഞു. എന്നാൽ ഐസിഇ നടപടികൾ തൊഴിലവസരങ്ങൾ കുറയാൻ കാരണമായി എന്ന വാദങ്ങൾ വൈറ്റ് ഹൗസ് വക്താവ് ലോറൻ ബിസ് തള്ളി.
ബൈഡൻ ഭരണകാലത്ത് വർദ്ധിച്ചുവന്ന അനധികൃത കുടിയേറ്റം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായും, റെക്കോർഡ് പണപ്പെരുപ്പത്തിന് കാരണമായതായും അവർ വ്യക്തമാക്കി. അമേരിക്കൻ തൊഴിലാളികളുടെ വേതനം ഇത് കുറച്ചതായും അവർ കൂട്ടിച്ചേർത്തു. അതിർത്തി സുരക്ഷയ്ക്കാണ് രണ്ടാം ട്രംപ് ഭരണകൂടം ഉയർന്ന മുൻഗണന നൽകുന്നത്. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളുടെ മേലുള്ള ഭാരം കുറയ്ക്കുന്നതിനുമാണ് കർശനമായ കുടിയേറ്റ നയങ്ങൾ നടപ്പിലാക്കുന്നത്.
അതിർത്തി സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി 2025-ൽ ട്രംപ് ഭരണകൂടം കുടിയേറ്റ വിരുദ്ധ നടപടികൾ ശക്തമാക്കിയിരുന്നു. ജനുവരിയിൽ ക്രമക്കേടുകൾ അന്വേഷിക്കുന്നതിനായി ആയിരക്കണക്കിന് ഫെഡറൽ ഏജന്റുമാരെ മിനിയാപൊളിസ്-സെന്റ് പോളിലേക്ക് അയച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കും ഫെഡറൽ ഉദ്യോഗസ്ഥരുടെ വെടിവെപ്പിൽ രണ്ട് യുഎസ് പൗരന്മാർ കൊല്ലപ്പെടുന്നതിനും ഇടയാക്കിയിരുന്നു.













