റഷ്യൻ എണ്ണയ്ക്ക് 100% തീരുവ ചുമത്താനുള്ള യു.എസ്. നീക്കം: ആഗോള വേദികളിൽ എതിർപ്പറിയിക്കാൻ ഇന്ത്യ; ട്രംപ്-ഷീ കൂടിക്കാഴ്ച ഉറ്റുനോക്കി നയതന്ത്ര ലോകം

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ ആഗോള വേദികളിൽ കടുത്ത എതിർപ്പറിയിക്കാൻ ഇന്ത്യ തീരുമാനിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്തയാഴ്ച ഐക്യരാഷ്ട്രസഭയിൽ നടത്തുന്ന പ്രസംഗത്തിൽ ഏകപക്ഷീയമായ തീരുവകൾക്കെതിരായ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയേക്കും. കൂടാതെ ജി-20 വാണിജ്യമന്ത്രിമാരുടെ യോഗത്തിൽ വിഷയം ഉന്നയിക്കാൻ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും അമേരിക്കയിലെത്തുന്നുണ്ട്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

അമേരിക്കൻ കോൺഗ്രസ് ഡൊണാൾഡ് ട്രംപിന് അധിക തീരുവ ചുമത്താനുള്ള അധികാരം നൽകിയതോടെ, ഇന്ത്യയും അമേരിക്കയും തമ്മിൽ പുരോഗമിച്ചിരുന്ന വ്യാപാര കരാർ ചർച്ചകൾ അനിശ്ചിതത്വത്തിലായിട്ടുണ്ട്. മുൻപ് ഏതു നിമിഷവും വ്യാപാര കരാറിൽ ഒപ്പുവെക്കാമെന്ന് യു.എസ്. അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കിയിരുന്നെങ്കിലും, റഷ്യൻ എണ്ണ ഇറക്കുമതിയിലെ തീരുവയെക്കുറിച്ച് വ്യക്തത വരാതെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് ഇന്ത്യൻ വൃത്തങ്ങളുടെ നിലപാട്. നിലവിൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 51 ശതമാനവും റഷ്യയിൽ നിന്നാണ്. അമേരിക്ക നിലപാട് കടുപ്പിച്ചാൽ റിലയൻസ് അടക്കമുള്ള ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് വെട്ടിക്കുറച്ചേക്കും.

ഈ മാസം 24-ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെ ഇന്ത്യ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. ലോകത്ത് റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ചൈനയുമായുള്ള ചർച്ചയിൽ എന്ത് തീരുമാനമുണ്ടാകുമെന്നത് നിർണ്ണായകമാണ്. റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നതിൽ ചൈനയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധ സമാനമായ തീരുവ ചുമത്താനുള്ള യു.എസ്. തീരുമാനത്തെ യുക്രൈൻ പ്രസിഡന്റ് വ്‌ലോദിമിർ സെലെൻസ്‌കി സ്വാഗതം ചെയ്തു.

US Tariffs on Russian Oil: India to Take Strong Stance at Global Forums; Eyes Trump-Xi Meeting

More Stories from this section

family-dental
witywide