
മസ്ക്കറ്റ്: കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്ക് വഴി പേർഷ്യൻ ഗൾഫിൽ നിന്ന് ഒരു ബില്യൺ ബാരൽ ക്രൂഡ് ഓയിൽ യുഎസ് സൈന്യം സുരക്ഷിതമായി പുറത്തെത്തിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎസ് സംരക്ഷണത്തിൽ രണ്ടായിരത്തിലധികം വാണിജ്യ കപ്പലുകളാണ് ഈ കാലയളവിൽ കടലിടുക്ക് കടന്നുപോയത്.
ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) അംഗങ്ങളായ ആറ് രാജ്യങ്ങൾ, യുഎസ് ഏജൻസികൾ, ഇൻഷുറൻസ്-ഷിപ്പിംഗ് കമ്പനികൾ എന്നിവയുമായി ചേർന്ന് ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് കൂപ്പർ പറഞ്ഞു. ഈ ശ്രമങ്ങൾ ഫലം കാണുന്നുണ്ടെന്നും, കഴിഞ്ഞ രണ്ട് ആഴ്ചകളിലെ ക്രൂഡ് ഓയിൽ, കാർഗോ, എൽഎൻജി എന്നിവയുടെ കയറ്റുമതി കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ നേരിടാൻ കുവൈറ്റ്, ബഹ്റൈൻ, യുഎഇ, ജോർദാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളെ സഹായിക്കുന്നതിനായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ ഭരണകൂടത്തെ സംബന്ധിച്ച് ഊർജ്ജ വിപണിയിൽ കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ആഴ്ചകളാണ് കടന്നുപോയത്. ഡീസൽ വില ഗാലന് 6 ഡോളറിന് മുകളിലെന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. അന്താരാഷ്ട്ര നിലവാരമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില സെപ്റ്റംബർ 4-ന് 93 ഡോളറായിരുന്നുവെങ്കിൽ, സെപ്റ്റംബർ 10-ഓടെ അത് 109 ഡോളറായി ഉയർന്നു. പിന്നീട് ചെറിയ തോതിൽ കുറഞ്ഞ് ആഴ്ചാവസാനം 103 ഡോളറിലാണ് വ്യാപാരം അവസാനിച്ചത്.















