
ഇന്ത്യയും റഷ്യയും തമ്മിലുള്ള സുപ്രധാന പ്രതിരോധ കരാറായ ‘റിലോസ്’ (RELOS – Reciprocal Exchange of Logistics Agreement) ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ഇരുരാജ്യങ്ങൾക്കും പരസ്പരം സൈനിക താവളങ്ങൾ ഉപയോഗിക്കാനും സൈനികരെ വിന്യസിക്കാനും അനുമതി നൽകുന്നതാണ് ഈ ചരിത്ര കരാർ. 2025-ൽ ഒപ്പുവെച്ച ഈ കരാർ റഷ്യൻ പാർലമെന്റ് അംഗീകരിച്ചതോടെയാണ് ഇപ്പോൾ പൂർണ്ണമായി നടപ്പിലാകുന്നത്. പാകിസ്താനുമായി അമേരിക്ക കൂടുതൽ അടുക്കുന്നതിനിടെയാണ് റഷ്യയുമായുള്ള സഹകരണം ഇന്ത്യ കൂടുതൽ ശക്തമാക്കിയത്.
കരാർ പ്രകാരം ഇന്ത്യയ്ക്കും റഷ്യയ്ക്കും ഒരേസമയം 3,000 സൈനികരെയും അഞ്ച് യുദ്ധക്കപ്പലുകളെയും പത്ത് സൈനിക വിമാനങ്ങളെയും പരസ്പരം രാജ്യങ്ങളിൽ വിന്യസിക്കാൻ സാധിക്കും. സംയുക്ത സൈനികാഭ്യാസങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും മാനുഷിക സഹായ ദൗത്യങ്ങൾക്കും ഇത് ഏറെ സഹായകമാകും. അറ്റകുറ്റപ്പണികൾക്കും ഇന്ധനം നിറയ്ക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ പരസ്പരം വിട്ടുനൽകാനും കരാറിലൂടെ സാധ്യമാകും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ കരാർ തന്ത്രപരമായി ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ആർട്ടിക് മേഖലയിലെ റഷ്യൻ സൈനിക താവളങ്ങളിൽ പ്രവേശനം ലഭിക്കുന്നത് ഇന്ത്യയുടെ സമുദ്ര മേഖലയിലെ സ്വാധീനം വർധിപ്പിക്കും. അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി സമാനമായ കരാറുകൾ ഇന്ത്യയ്ക്കുണ്ടെങ്കിലും, റഷ്യയുമായുള്ള ഈ ധാരണ പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ സന്തുലിത നയത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
India and Russia operationalize major defense pact RELOS














