നഖ്‌വിയെ ബഹിഷ്‌കരിച്ച് ഇന്ത്യ; ഏഷ്യാ കപ്പ് ട്രോഫി വാങ്ങാതെ വനിതാ ടീം മടങ്ങി, നിലപാടിൽ ഉറച്ച് ബിസിസിഐ, അനുകൂലിക്കുന്നുവെന്ന് മുഖ്യ പരിശീലകൻ

മുംബൈ/കൊളംബോ: വനിതാ ഏഷ്യാ കപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ ടീം, സമ്മാനദാന ചടങ്ങിൽ വെച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡൻ്റും പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവിയുമായ മോഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാതിരുന്ന സംഭവം വലിയ ചർച്ചയാകുന്നു. ട്രോഫി വാങ്ങേണ്ടതില്ലെന്നത് ബിസിസിഐയുടെ ഔദ്യോഗിക നിലപാടായിരുന്നുവെന്നും ആ തീരുമാനത്തെ ടീം പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മുജുംദാർ വ്യക്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിൽ 72 റൺസിൻ്റെ തകർപ്പൻ ജയത്തോടെയാണ് ഇന്ത്യ ഏഷ്യാ കപ്പ് 2026 കിരീടം സ്വന്തമാക്കിയത്. എന്നാൽ ടൂർണമെന്റിലെ മികച്ച വിജയത്തിന്റെ തിളക്കം കുറയ്ക്കാൻ ഇത്തരം വിവാദങ്ങൾക്ക് കഴിയില്ലെന്ന് മുജുംദാർ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. “ആ നിലപാട് ബിസിസിഐ എടുത്തതാണ്, ഞങ്ങൾ അതിനൊപ്പം നിൽക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ടൂർണമെൻ്റ് കഴിഞ്ഞു, ഞങ്ങൾ ചാമ്പ്യന്മാരായി. അതിൽ അതിയായ സന്തോഷമുണ്ട്. ഡിജിറ്റൽ ബോർഡിൽ ഇന്ത്യ ചാമ്പ്യന്മാരെന്നു തെളിഞ്ഞിട്ടുണ്ട്. ഇനി ഞങ്ങളുടെ ശ്രദ്ധ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൈനൽ മത്സരത്തിന് ശേഷം നടന്ന അസാധാരണ സംഭവങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചാവിഷയം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ, നഖ്‌വിക്ക് പകരം മറ്റാരെങ്കിലും ട്രോഫി നൽകണമെന്ന നിലപാടിലായിരുന്നു ബിസിസിഐ. ഇതിനായി രണ്ട് നിർദ്ദേശങ്ങൾ ഇന്ത്യ മുന്നോട്ടുവെച്ചിരുന്നതായി ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വെളിപ്പെടുത്തി. എസിസി ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് അൽ സറൂണി ട്രോഫി നൽകുക, അല്ലെങ്കിൽ സമീപകാല രീതി അനുസരിച്ച് വിജയിച്ച ക്രിക്കറ്റ് ബോർഡിൻ്റെ (ബിസിസിഐ) പ്രതിനിധി സമ്മാനിക്കുക എന്നിവയായിരുന്നു നിർദ്ദേശങ്ങൾ. എന്നാൽ നഖ്‌വി ഈ രണ്ട് ഓപ്ഷനുകളും നിരസിച്ചതോടെയാണ് സമ്മാനദാന ചടങ്ങ് പ്രതിസന്ധിയിലായത്.

റണ്ണേഴ്‌സ് അപ്പായ ശ്രീലങ്കൻ ടീമിനുള്ള പുരസ്കാരങ്ങൾ നൽകിയ ശേഷം നഖ്‌വിയും മറ്റ് എസിസി ഭാരവാഹികളും മൈതാനം വിട്ടു. ഒടുവിൽ വിജയികളായ ഇന്ത്യൻ ടീമിന് ഔദ്യോഗികമായി ട്രോഫിയോ മെഡലുകളോ വേദിയിൽ വെച്ച് കൈമാറാതെയാണ് ചടങ്ങുകൾ അവസാനിച്ചത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ദേവാജിത് സൈകിയ എന്നിവർ പിന്നീട് മൈതാനത്തിറങ്ങി കളിക്കാർക്കൊപ്പം വിജയം ആഘോഷിച്ചു.

കഴിഞ്ഞ വർഷം (2025 സെപ്റ്റംബറിൽ) നടന്ന പുരുഷന്മാരുടെ ഏഷ്യാ കപ്പ് ഫൈനലിന് ശേഷവും സമാനമായ തർക്കങ്ങൾ ഉടലെടുത്തിരുന്നു. അന്ന് ഇന്ത്യ കിരീടം നേടിയപ്പോൾ, നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിനെത്തുടർന്ന് ചടങ്ങുകൾ മണിക്കൂറുകളോളം വൈകുകയും ഒടുവിൽ നാടകീയമായി ട്രോഫി വേദിയിൽ നിന്ന് മാറ്റുകയുമാണ് ചെയ്തത്. വനിതാ ഏഷ്യാ കപ്പിലും സമാനമായ സംഭവം ആവർത്തിക്കപ്പെട്ടതോടെ എസിസി ഭരണസമിതിക്കുള്ളിലെ ഭിന്നതകൾ വീണ്ടും പരസ്യമായിരിക്കുകയാണ്.

India boycotts Naqvi; women’s team returns without accepting the Asia Cup trophy; BCCI firm on its stance; head coach expresses support.

More Stories from this section

family-dental
witywide