
രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി സി.പി.ഐ.എം. ബിക്കാനറിലെ നോഖ നഗരസഭാ ഭരണം കേവല ഭൂരിപക്ഷത്തോടെ സി.പി.എം. പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായാണ് പാർട്ടി ഇവിടെ അധികാരത്തിലെത്തുന്നത്. ആകെയുള്ള 45 വാർഡുകളിൽ 29 ഇടത്തും സി.പി.ഐ.എമ്മും വികാസ് മഞ്ചും ഉൾപ്പെടുന്ന സഖ്യസ്ഥാനാർത്ഥികൾ വിജയിച്ചുകയറി. ബി.ജെ.പി.ക്ക് 13 സീറ്റും സ്വതന്ത്രർക്ക് മൂന്ന് സീറ്റുകളും മാത്രമാണ് നേടാനായത്. നോഖയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.
അതേസമയം, മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ശക്തികേന്ദ്രമായ ജലാവർ നഗരസഭയിൽ കോൺഗ്രസ് അട്ടിമറി വിജയം നേടി. ജലാവറിലെ 45 വാർഡുകളിൽ 29 എണ്ണത്തിലും വിജയിച്ച് കോൺഗ്രസ് ഭരണം പിടിച്ചെടുത്തപ്പോൾ ബി.ജെ.പി. 13 വാർഡുകളിലേക്ക് ഒതുങ്ങി. സംസ്ഥാനത്തെ 309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 8,068 വാർഡുകളിൽ 3,323 ഇടത്ത് ബി.ജെ.പിയും 2,962 സീറ്റുകളിൽ കോൺഗ്രസും വിജയം നേടി. 1,783 സീറ്റുകൾ സ്വതന്ത്രരും മറ്റു കക്ഷികളും നേടി.
മുനിസിപ്പൽ കോർപ്പറേഷനുകളിൽ അൽവാർ, ജയ്പൂർ, ഉദയ്പൂർ, കോട്ട, ഭിൽവാര എന്നിവിടങ്ങളിൽ ബി.ജെ.പി. മുൻതൂക്കം നേടിയപ്പോൾ അജ്മീർ, പാലി, ബിക്കാനെർ കോർപ്പറേഷനുകളിൽ കോൺഗ്രസ് ലീഡ് ചെയ്തു. സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ മദൻ റത്തോഡിന്റെ മണ്ഡലമായ പാലിയിൽ കോൺഗ്രസ് വിജയിച്ചത് ശ്രദ്ധേയമായി. ഭരണത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്ന ഘട്ടത്തിലും മൊത്തത്തിലുള്ള വാർഡ് കണക്കിൽ ബി.ജെ.പി.ക്ക് മുന്നിലെത്താൻ സാധിച്ചത് പാർട്ടിക്ക് ആശ്വാസമായി.
CPIM Creates History in Rajasthan Local Body Polls; Wins Nokha Municipality














