
ന്യൂഡൽഹി: 26 സാധാരണക്കാരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിൽ, ഭീകരവാദത്തെ പരാജയപ്പെടുത്താനുള്ള രാജ്യത്തിന്റെ നിശ്ചയദാർഢ്യം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025 ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിന് മറുപടിയായി കഴിഞ്ഞ വർഷം മെയ് 7-ന് പുലർച്ചെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (PoK) ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളുമാണ് ഇന്ത്യ നടത്തിയത്. ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ-ഇ-ത്വയ്യിബ എന്നീ ഭീകര സംഘടനകളുടെ ഒമ്പതോളം താവളങ്ങൾ തകർത്തു. നൂറിലധികം ഭീകരർ ഈ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് കണക്ക്.
ദേശീയ സുരക്ഷയോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ നീക്കത്തിലൂടെ പ്രതിഫലിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തതയും സേനകളുടെ ഏകോപനവും ഈ വിജയത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരു വർഷം മുമ്പ്, ഓപ്പറേഷൻ സിന്ദൂർ വേളയിൽ നമ്മുടെ സായുധ സേന സമാനതകളില്ലാത്ത ധൈര്യവും കൃത്യതയും നിശ്ചയദാർഢ്യവുമാണ് പ്രകടിപ്പിച്ചത്. പഹൽഗാമിൽ നിഷ്കളങ്കരായ ഇന്ത്യക്കാരെ ആക്രമിക്കാൻ തുനിഞ്ഞവർക്ക് അവർ ഉചിതമായ മറുപടി നൽകി. നമ്മുടെ സേനയുടെ വീര്യത്തെ രാജ്യം മുഴുവൻ അഭിവാദ്യം ചെയ്യുന്നു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ പ്രതികരണത്തിൻ്റെയും ദേശീയ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിലെ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുടെയും പ്രതിഫലനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. നമ്മുടെ സായുധ സേനയുടെ പ്രൊഫഷണലിസം, സന്നദ്ധത, ഏകോപിത ശക്തി എന്നിവയും ഇത് എടുത്തുകാട്ടി. അതോടൊപ്പം തന്നെ, സേനകൾക്കിടയിൽ വളർന്നുവരുന്ന യോജിപ്പും പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ദേശീയ സുരക്ഷയ്ക്ക് നൽകുന്ന കരുത്തും ഇത് അടിവരയിട്ടു. ഒരു വർഷത്തിന് ശേഷവും, ഭീകരവാദത്തെ പരാജയപ്പെടുത്തുന്നതിനും അതിനെ സഹായിക്കുന്ന ആവാസവ്യവസ്ഥയെ തകർക്കുന്നതിനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തിൽ നാം ഉറച്ചുനിൽക്കുന്നു.”- മോദി എക്സിൽ കുറിച്ചു
വാർഷികത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രിയും മറ്റ് എൻ.ഡി.എ നേതാക്കളും തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങൾ ഓപ്പറേഷൻ സിന്ദൂർ ലോഗോയിലേക്ക് മാറ്റി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഡ്രോണുകൾ, മിസൈൽ സംവിധാനങ്ങൾ, നിർമ്മിത ബുദ്ധി (എഐ) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഇന്ത്യൻ സൈന്യം പ്രതിരോധ സജ്ജീകരണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഒന്നാം വാര്‍ഷികം കണക്കിലെടുത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ അടക്കം കനത്ത ജാഗ്രതയിലാണ് പ്രതിരോധ സേന. ഓപ്പറേഷന്‍ സിന്ധൂറുമായി ബന്ധപ്പെട്ട പുതിയ ദൃശ്യങ്ങള്‍ പ്രതിരോധ സേനകള്‍ പുറത്തുവിട്ടു. ഇന്ന് ജയ്പൂരില്‍ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രതിരോധ സേനകളുടെ സംയുക്ത വാര്‍ത്താ സമ്മേളനവും നടക്കും.
India committed to eradicating terrorism: PM on first anniversary of Operation Sindoor













