ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന് സാങ്കേതിക സഹായം നൽകിയെന്ന് ചൈനയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: 2025-ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയിൽ പാക്കിസ്ഥാന് നേരിട്ട് സാങ്കേതിക സഹായം നൽകിയതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൈനീസ് സർക്കാർ മാധ്യമമായ സിസിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ (AVIC) ഉന്നത ഉദ്യോഗസ്ഥർ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

യുദ്ധസമയത്ത് പാക്കിസ്ഥാൻ ഉപയോഗിച്ച ചൈനീസ് നിർമിത ജെ-10സിഇ യുദ്ധവിമാനങ്ങളുടെ പ്രവർത്തനം തടസ്സമില്ലാതെ ഉറപ്പാക്കാൻ ചൈനീസ് എൻജിനീയർമാർ നേരിട്ട് പാക് മണ്ണിൽ തങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. റഡാർ തകരാറുകൾ പരിഹരിക്കാനും ആയുധങ്ങൾ ഘടിപ്പിക്കാനും പാക് സൈന്യത്തെ ചൈന സഹായിച്ചു എന്നാണ് വെളിപ്പെടുത്തൽ.

കൂടാതെ, ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്ത് ഇന്ത്യയുടെ സുപ്രധാന നീക്കങ്ങളെയും സ്ഥാനങ്ങളെയും കുറിച്ചുള്ള തത്സമയ വിവരങ്ങൾ ചൈന പാക്കിസ്ഥാന് നൽകിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഡിജിഎംഒ തല ചർച്ചകൾ നടക്കുമ്പോൾ പോലും ഇത്തരം വിവരങ്ങൾ കൈമാറിയിരുന്നതായി ഇന്ത്യൻ സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തിന് മുന്നിൽ പാക്കിസ്ഥാൻ പ്രതിരോധത്തിലായ ഘട്ടത്തിലായിരുന്നു ചൈനയുടെ ഈ രഹസ്യ ഇടപെടൽ. ഇന്ത്യയുടെ സൈനിക ശേഷിയെ മറികടക്കാൻ സ്വന്തം സാങ്കേതിക വിദ്യകൾ ചൈന പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചതായും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യൻ മണ്ണ് ലക്ഷ്യമിട്ട് നീങ്ങിയ പാക് വിമാനങ്ങളെ ചൈനീസ് വിദഗ്ധർ നിയന്ത്രിച്ചിരുന്നതായും സൂചനയുണ്ട്. ചൈനയുടെ ഈ തുറന്നുപറച്ചിൽ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കാനാണ് സാധ്യത.

Operation Sindoor: China reveals it provided technical assistance to Pakistan

More Stories from this section

family-dental
witywide