മണ്ഡലപുനർനിർണ്ണയ ബില്ലിനെ എന്നും എതിർക്കുമെന്ന് ഉദയനിധി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി വിജയ്, കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കും

ചെന്നൈ: കേന്ദ്ര സർക്കാർ വീണ്ടും കൊണ്ടുവരാൻ ഒരുങ്ങുന്ന മണ്ഡലപുനർനിർണ്ണയ (ഡിലിമിറ്റേഷൻ) ബില്ലിനെതിരെ തമിഴ്‌നാട്ടിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. ബില്ലിനെ ഡി.എം.കെ അനുകൂലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, പാർട്ടി തുടക്കം മുതൽ ഈ നീക്കത്തെ എതിർത്തിരുന്നതായും ഭാവിയിലും ഈ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഉദയനിധി, മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.

ലോക്‌സഭാ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള ഭരണഘടനാ ഭേദഗതി ബിൽ കഴിഞ്ഞ ഏപ്രിലിൽ പ്രതിപക്ഷം ഒന്നിച്ച് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ കേന്ദ്രം വീണ്ടും ബിൽ സജീവമാക്കാൻ തുടങ്ങിയതോടെയാണ് തമിഴ്‌നാട് രാഷ്ട്രീയം ചൂടുപിടിച്ചത്.

വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തെ എം.പിമാരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. 2011-ലെ സെൻസസിന് പകരം 1971-ലെ സെൻസസ് തന്നെ അടുത്ത 25 വർഷത്തേക്ക് മണ്ഡലപുനർനിർണ്ണയത്തിന് മാനദണ്ഡമാക്കണമെന്നാണ് പ്രാദേശിക പാർട്ടികളുടെ പ്രധാന ആവശ്യം.

അതേസമയം, കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യാ സഖ്യത്തിൽ നിന്ന് ഡി.എം.കെ മാറിയതും ഈ വിഷയത്തിൽ നേരത്തെ കടുത്ത നിലപാട് എടുക്കാതിരുന്നതും പ്രതിപക്ഷ നിരയിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. മൂന്ന് പ്രധാന മാറ്റങ്ങൾ വരുത്തിയാൽ ഡി.എം.കെ ബില്ലിനെ പിന്തുണച്ചേക്കുമെന്ന വാർത്തകൾ വന്നിരുന്നെങ്കിലും, ഉദയനിധി സ്റ്റാലിന്റെ പുതിയ പ്രസ്താവനയോടെ ഈ അഭ്യൂഹങ്ങൾക്ക് താല്കാലിക ശമനമായിരിക്കുകയാണ്.

Udhayanidhi says he will always oppose the Mandal Delimitation Bill; CM Vijay calls an emergency meeting, will mount a strong defense against the central move

More Stories from this section

family-dental
witywide