
ബാങ്കോക്ക്: തായ്‌ലൻഡിൽ കൗമാരക്കാരനായ വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ബാങ്കോക്കിന് സമീപമുള്ള ‘ഡെബ്സിരിൻ നോന്തബുരി’ സ്കൂളിലാണ് വെള്ളിയാഴ്ച ദാരുണമായ സംഭവം അരങ്ങേറിയത്. വിദ്യാലയത്തിലേക്ക് പുറപ്പെടും മുൻപ് പ്രതി സ്വന്തം വീട്ടിൽ വെച്ച് മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവെച്ചുകൊന്നിരുന്നതായി തായ് പൊലീസ് വെളിപ്പെടുത്തി. ആക്രമണത്തിന് ശേഷം പ്രതിയായ പതിനേഴുകാരൻ സ്വയം വെടിയുതിർത്തു മരിച്ചു. മൂന്ന് വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമാണ് സ്കൂളിൽ കൊല്ലപ്പെട്ടത്.
ബാങ്കോക്കിന് വടക്കുപടിഞ്ഞാറുള്ള നോന്തബുരി പ്രവിശ്യയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ വീട്ടിൽ വെച്ച് മുത്തശ്ശനെയും മുത്തശ്ശിയെയും വകവരുത്തിയ ശേഷമാണ് പ്രതി സ്കൂളിലേക്ക് എത്തിയത്. തുടർന്ന് ക്ലാസ് മുറികളിലും കോറിഡോറുകളിലും ഉണ്ടായിരുന്നവർക്ക് നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. സ്വന്തം കുടുംബാംഗത്തിൻ്റെ പേരിലുള്ള തോക്കാണ് പ്രതി അക്രമത്തിനായി ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
വെടിയൊച്ച കേട്ടതോടെ മുവായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ കാമ്പസ് പൂർണ്ണമായും പരിഭ്രാന്തിയിലായി. കുട്ടികൾ ജീവൻ രക്ഷിക്കാനായി ക്ലാസ് മുറികളിൽ ഒളിക്കുകയും പുറത്തേക്ക് ഓടുകയും ചെയ്തു. കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ ഒരു പുരുഷ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. നെഞ്ചിനും കൈയ്ക്കും ഗുരുതരമായി വെടിയേറ്റ വനിതാ അധ്യാപികയ്ക്ക് രക്ഷാപ്രവർത്തകർ 30 മിനിറ്റോളം സി.പി.ആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ 15 പേരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
തായ്‌ലൻഡിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സ്കൂൾ വെടിവെപ്പാണിത്. കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ രീതിയിൽ ഒരു വിദ്യാർത്ഥി അധ്യാപകനെ വെടിവെച്ചുകൊന്നിരുന്നു. 2022-ൽ ഒരു ഡേകെയർ സെന്ററിൽ 22 കുട്ടികളടക്കം 36 പേർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ നടുക്കിയിരുന്നു. കൂടുതൽ സഹായങ്ങൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാർൻവിരാകുൽ അറിയിച്ചു.
Another massacre in Thailand: Six dead after student shoots at school; killed his own grandparents before the attack














