
ന്യൂഡൽഹി: ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷന് മുന്നിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകളും ട്രാഫിക് ബോല്ലാർഡുകളും അധികൃതർ നീക്കം ചെയ്തു. ഹൈക്കമ്മീഷൻ കോമ്പൗണ്ടിൻ്റെ നിശ്ചിത അതിർത്തിക്ക് പുറത്ത്, പൊതുവഴിയിലായിരുന്നു ഈ നിർമ്മിതികൾ ഉണ്ടായിരുന്നത്. വിസ സെക്ഷന് സമീപമുള്ള ക്യൂ ലൈനറുകൾ ഉൾപ്പെടെയുള്ളവയാണ് അധികൃതർ പൊളിച്ചുമാറ്റിയത്.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ പാകിസ്താൻ അധികൃതർ നീക്കം ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ ഈ നടപടി. അതുകൊണ്ടുതന്നെ പാകിസ്താൻ്റെ നടപടിക്കുള്ള ശക്തമായ തിരിച്ചടിയായാണ് (tit-for-tat) നയതന്ത്ര വൃത്തങ്ങൾ ഇതിനെ കാണുന്നത്.
തകർന്ന റെയിലിംഗുകൾ, ഗേറ്റുകൾ, മെറ്റൽ ഫ്രെയിമുകൾ, റൂഫിംഗ് ഷീറ്റുകൾ, കോൺക്രീറ്റ് അവശിഷ്ടങ്ങൾ എന്നിവ ഹൈക്കമ്മീഷൻ ഓഫീസിന് പുറത്ത് ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുറംവേലിയുടെയും മേൽക്കൂരയുടെയും ചില ഭാഗങ്ങളും നീക്കം ചെയ്തവയിൽ പെടുന്നു. അവശിഷ്ടങ്ങൾക്കിടയിലും വിസ സെക്ഷനിലെ വിവിധ വിൻഡോകൾ വ്യക്തമായി കാണാം.
VIDEO | Delhi: Authorities dismantle the external security perimeter outside the Pakistan High Commission. Visuals from outside the Pakistan High Commission at Shantipath.
— Press Trust of India (@PTI_News) August 20, 2026
(Full video available on PTI Videos – https://t.co/d8jp61yd2p) pic.twitter.com/rys6CX5b5j
കശ്മീർ വിഷയത്തിൽ പാകിസ്താനും അമേരിക്കയും തമ്മിൽ നയതന്ത്ര തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഡൽഹിയിലെ ഈ പുതിയ സംഭവവികാസം. ഇന്ത്യയിലെ യുഎസ് അംബാസഡറും സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യയിലെ യുഎസ് പ്രത്യേക പ്രതിനിധിയുമായ സെർജിയോ ഗോർ കഴിഞ്ഞ ദിവസം ശ്രീനഗർ സന്ദർശിച്ചിരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, ജമ്മു കശ്മീർ “ഇന്ത്യയുടെ അവിഭാജ്യവും പ്രധാനപ്പെട്ടതുമായ ഭാഗമാണ്” എന്ന് അദ്ദേഹം പരസ്യമായി പ്രസ്താവിച്ചു.
യുഎസ് പ്രതിനിധിയുടെ ഈ പരാമർശത്തിനെതിരെ പാകിസ്താൻ ശക്തമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാരിക്കേഡുകൾ നീക്കം ചെയ്തതെങ്കിലും, ഈ നടപടിക്ക് പാകിസ്താൻ്റെ പ്രതിഷേധവുമായി നേരിട്ട് ബന്ധമുണ്ടെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. നയതന്ത്ര കാര്യാലയത്തിന് പുറത്തെ അനധികൃത നിർമ്മിതികൾ നീക്കിയതാണെന്നാണ് അധികൃതരുടെ വിശദീകരണം.
India removes security barricades in front of Pakistan High Commission in Delhi; indications are that it is a retaliation to Islamabad’s action















