
ന്യൂഡൽഹി/കൊച്ചി: സിഎംആർഎൽ– എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണയ്ക്ക് എതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കുന്നു. വീണയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡയറിയിൽ നിന്നും ഡിജിറ്റൽ രേഖകളിൽ നിന്നും ഞെട്ടിക്കുന്ന സാമ്പത്തിക വിവരങ്ങളാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്നത്.
വിദേശ ചട്ടങ്ങൾ ലംഘിച്ച് വീണ 3.49 ലക്ഷം യുഎഇ ദിർഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്ക് കൈമാറിയതായി ഇ.ഡി കണ്ടെത്തി. ഈ പണമിടപാടിൽ വ്യക്തത വരുത്തുന്നതിനായി വീണയെ അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. ഇതോടൊപ്പം വിദേശ നാണയ വിനിമയ ചട്ട ലംഘനത്തിന് ഫെമ (FEMA) പ്രകാരം കുറ്റം ചുമത്താനും ഇ.ഡി നീക്കം തുടങ്ങിയിട്ടുണ്ട്.
രേഖകളിൽ 20 കോടിയുടെ ഇടപാടുകൾ; വ്യാജ സിം കാർഡും അന്വേഷണത്തിൽ
കഴിഞ്ഞ മേയ് മാസത്തിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത വീണയുടെ ഡയറിയിൽ വിദേശ പണമിടപാടിന് പുറമെ, 20.05 കോടി രൂപയുടെ ഇന്ത്യൻ കറൻസി ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ പണം എവിടെ നിന്ന് വന്നു, ആർക്കൊക്കെ കൈമാറി എന്നതിനെക്കുറിച്ച് കോഴിക്കോട് ഉൾപ്പെടെ എട്ടോളം കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി വ്യാപക പരിശോധന നടത്തിയിരുന്നു.
അന്വേഷണത്തിൽ മറ്റൊരാളുടെ പേരിൽ എടുത്ത വ്യാജ സിം കാർഡ് വൈഫൈ റൂട്ടറിൽ ഇട്ട് ഇന്റർനെറ്റ് അധിഷ്ഠിത കോളുകൾക്കായി വീണ ഉപയോഗിച്ചതായും ഇ.ഡി സംശയിക്കുന്നുണ്ട്. കള്ളപ്പണ ഇടപാടുകൾ രഹസ്യമായി നടത്തുന്നതിനാണോ ഇത് ഉപയോഗിച്ചതെന്ന് ഡിജിറ്റൽ ഫോറൻസിക് പരിശോധനയിലൂടെ അന്വേഷിച്ചുവരികയാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) കേസിൽ ഉൾപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്കും ഇ.ഡി കടക്കുമെന്നാണ് സൂചന.
രാഷ്ട്രീയ പ്രതികാരമെന്ന് മുഹമ്മദ് റിയാസ്
അതേസമയം, ഇ.ഡിയുടെ പുതിയ നീക്കങ്ങൾ പൂർണ്ണമായും രാഷ്ട്രീയ പ്രതികാരബുദ്ധിയോടെയുള്ളതാണെന്ന് ടി. വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്നും, ഈ ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ED to question T. Veena again; found to have smuggled Rs 85 lakh to Dubai, FEMA may be imposed, says Riyaz, political revenge















