15 സെക്കൻഡിൽ 30 വെടി, കുൽഗാമിൽ സിആർപിഎഫ് പോസ്റ്റിന് നേരെ ഭീകരാക്രമണം, 3 ജവാന്മാർക്ക് പരിക്ക്; ആഭ്യന്തര മന്ത്രാലയം ഉന്നത യോഗം വിളിച്ചു

ജമ്മു കശ്മീരിലെ കുൽഗാമിൽ ദേശീയപാത 44-ലുള്ള സി.ആർ.പി.എഫ് ചെക്ക് പോസ്റ്റിന് നേരെ ബൈക്കിലെത്തിയ ഭീകരർ വെടിയുതിർത്തു. സംഭവത്തിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള തദ്ദേശീയരായ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ ഭീകരർക്കായി സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. 15 സെക്കൻഡിനിടെ 30 തവണ വെടിയുതിർത്തെന്നാണ് റിപ്പോർട്ട്.

പരിക്കേറ്റ ജവാന്മാരായ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നിവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെയും നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. വയറിലും നട്ടെല്ലിലും വെടിയേറ്റ സന്തോഷ് ചന്ദ്രുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണർ ആശുപത്രിയിലെത്തി ജവാന്മാരുടെ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തി.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സുരക്ഷാ യോഗം വിളിച്ചു ചേർത്തു. സംഭവത്തെക്കുറിച്ചും കശ്മീരിലെ നിലവിലെ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ചും സി.ആർ.പി.എഫ് ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ യോഗത്തിൽ വിശദമായി വിലയിരുത്തും.

More Stories from this section

family-dental
witywide