‘ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിനൊപ്പം’, എല്ലാ മാനുഷിക സഹായങ്ങളും നൽകാമെന്ന് നേപ്പാൾ പ്രധാനമന്ത്രിയോട് പ്രധാനമന്ത്രി മോദി; ഇന്ത്യാക്കാർക്കായി ഹെൽപ്പ് ലൈൻ തുറന്നു

നേപ്പാളിൽ വ്യാപക നാശം വിതച്ച മിന്നൽ പ്രളയത്തെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിൽ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയ അദ്ദേഹം, ഈ പ്രയാസകരമായ ഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ സഹോദരി സഹോദരന്മാർക്കൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്ന് ഉറപ്പുനൽകി. നേപ്പാളിന് ആവശ്യമായ എല്ലാവിധ മാനുഷിക സഹായങ്ങളും എത്തിച്ചുനൽകാൻ ഇന്ത്യ പൂർണ്ണ സന്നദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ ദൗത്യങ്ങളിലും ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക ടീമുകൾ പരസ്പരം ചേർന്ന് ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് എക്സിൽ (X) പങ്കുവെച്ച കുറിപ്പിൽ മോദി കൂട്ടിച്ചേർത്തു. ദുരന്തത്തിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും ഇന്ത്യയുടെ പൂർണ്ണ പങ്കാളിത്തവും പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം നേപ്പാൾ പ്രധാനമന്ത്രിക്കു നൽകിയ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

അതേസമയം നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ്.ഐ. പ്രദീപ് അടക്കമുള്ള 36 അംഗ മലയാളി ടൂറിസ്റ്റ് സംഘവും അപകടമേഖലയിൽ കുടുങ്ങി. കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികൾ ഉൾപ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്.

അതേസമയം, നേപ്പാളിൽ കനത്ത നാശനഷ്ടം വിതച്ച മിന്നൽ പ്രളയത്തിൽ മരണം 16 ആയി ഉയർന്നു. 105 ഇന്ത്യക്കാരും 32 പോലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടെ 384 പേരെയാണ് കാണാതായിരിക്കുന്നത്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം പ്രളയബാധിത മേഖലയിലുണ്ടായിരുന്ന വിനോദസഞ്ചാരികളുമായി നിലവിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇതിനിടെ അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്റ്ററിൽ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് അതിർത്തി മേഖലയിലാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. പ്രളയജലത്തിൽ നിരവധി ഗ്രാമങ്ങളും മാർക്കറ്റുകളും ജലസേചന പദ്ധതികളും ഒലിച്ചുപോയി. ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി തകരുകയും മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നേപ്പാൾ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.

India Stands with Nepal, Ready for All Humanitarian Assistance: PM Modi Speaks with Nepal PM

More Stories from this section

family-dental
witywide