
നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും, ബന്ധപ്പെടാൻ സാധിക്കാതെ ആശങ്കയിലായ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ടോൾ ഫ്രീ നമ്പറടക്കമുള്ള അടിയന്തര സഹായ സംവിധാനങ്ങളുമായി സംസ്ഥാന സർക്കാർ. 1070 എന്ന ടോൾ ഫ്രീ നമ്പറിനൊപ്പം 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. പ്രളയം ബാധിച്ചതായി സംശയിക്കുന്ന മലയാളികളുടെ പേര്, യാത്ര ചെയ്ത തീയതി, പ്രദേശത്ത് എത്തിച്ചേർന്ന ദിവസം, അവസാനം ബന്ധപ്പെട്ട തീയതി, മൊബൈൽ നമ്പർ, യാത്രാ ഏജൻസി തുടങ്ങിയ വിവരങ്ങൾ 1070 എന്ന നമ്പറിൽ നൽകണം. ഈ വിവരങ്ങൾ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനങ്ങൾ വഴി നേപ്പാൾ സർക്കാരിന് കൈമാറും.
നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സാഹചര്യം വിശദമായി നിരീക്ഷിച്ചു വരികയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. നേപ്പാളിലുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ 9447111844, 9747132147 എന്നീ നമ്പറുകളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ട് വിവരമറിയിക്കാവുന്നതാണ്.
നേപ്പാളിലെ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ്.ഐ പ്രദീപ് അടക്കമുള്ള 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം കുടുങ്ങിയതായാണ് ഇതുവരെയുള്ള വിവരം. ദുരന്തബാധിത പ്രദേശത്താണ് ഉള്ളതെങ്കിലും ഇവർ നിലവിൽ സുരക്ഷിതരാണെന്നാണ് ലഭ്യമാകുന്ന സൂചന. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവരങ്ങൾ ഔദ്യോഗികമായി അന്വേഷിക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്കായി നേപ്പാളിലെ ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം, നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രളയത്തിൽ മരണം 22 ആയി ഉയർന്നതിനൊപ്പം 384 പേരെ കാണാതാവുകയും ചെയ്തു. കാണാതായവർക്കായി നേപ്പാൾ ഭരണകൂടവുമായി ചേർന്ന് ദുരന്തനിവാരണ സേനയും ഇന്ത്യൻ എംബസിയും രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്.
Nepal Floods: Kerala Issues Emergency Helpline Numbers to Assist Stranded Keralites














