ജയശങ്കർ-റൂബിയോ നിർണായക കൂടിക്കാഴ്ച കഴിഞ്ഞു, ‘ഇന്ത്യ-അമേരിക്ക ബന്ധം അതീവ സവിശേഷം’, ഭീകരവാദത്തിനെതിരെയും വ്യാപാര മേഖലയിലും ഒന്നിച്ച് നീങ്ങുമെന്ന് ഇരുരാജ്യങ്ങളും

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അതീവ സവിശേഷമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. സങ്കീർണ്ണമായ ഈ ആഗോള കാലഘട്ടത്തിൽ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം സഹകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്‌. ജയശങ്കറും വ്യക്തമാക്കി. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇരുനേതാക്കളും സംയുക്തമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് നയതന്ത്ര നിലപാടുകൾ വ്യക്തമാക്കിയത്. നിലവിലെ ആഗോള വെല്ലുവിളികളെ നേരിടാൻ ലോകത്ത് ഇടപെടൽ ശേഷിയുള്ള ചുരുക്കം ചില കരുത്തുറ്റ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മാർക്കോ റൂബിയോ പ്രശംസിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ നടപടികൾ വേഗത്തിലാക്കുമെന്ന് എസ്‌. ജയശങ്കർ അറിയിച്ചു. സുരക്ഷിതമായ കപ്പൽ നീക്കം ഉറപ്പാക്കേണ്ടതിനെക്കുറിച്ചും ആഗോളതലത്തിൽ ഭീകരവാദം ഉയർത്തുന്ന വലിയ വെല്ലുവിളികളെക്കുറിച്ചുമുള്ള ഇന്ത്യയുടെ ശക്തമായ നിലപാട് അദ്ദേഹം യുഎസിനെ ധരിപ്പിച്ചു. ഭീകരവാദം ഇന്ത്യയും അമേരിക്കയും ഒരുപോലെ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് മാർക്കോ റൂബിയോയും സമ്മതിച്ചു. ഇതോടൊപ്പം അമേരിക്കൻ വിസ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളിൽ ഇന്ത്യക്കുള്ള കടുത്ത ആശങ്ക വിദേശകാര്യ മന്ത്രി യുഎസ് പ്രതിനിധിയെ ഔദ്യോഗികമായി അറിയിച്ചു.

അമേരിക്ക നടപ്പിലാക്കുന്ന കുടിയേറ്റ നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ ഒരിക്കലും ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കി. യുഎസിലെ അനധികൃത കുടിയേറ്റ പ്രതിസന്ധി പരിഹരിക്കാൻ മാത്രമാണ് ഈ നടപടികളിലൂടെ രാജ്യം ശ്രമിക്കുന്നത്. നിലവിലെ കുടിയേറ്റ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമ്പോൾ, അത് ഭാവിയിൽ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർക്ക് യുഎസിൽ കൂടുതൽ മികച്ച അവസരങ്ങൾ ലഭിക്കാൻ കാരണമാകുമെന്നും റൂബിയോ കൂട്ടിച്ചേർത്തു.

India-US Relations Special, Will Fast-Track Trade Pact: S Jaishankar and Marco Rubio

More Stories from this section

family-dental
witywide