
ടക്സൺ (അരിസോണ): അമേരിക്കയിൽ കാമുകിയായ സർവകലാശാല വിദ്യാർഥിനിയെ അപ്പാർട്ട്മെൻ്റിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം രാജ്യം വിട്ട ഇന്ത്യൻ യുവാവ് ജർമനിയിൽ വെച്ച് പിടിയിലായി. ഇരുപതുകാരനായ വരുൺ ബാച്ച്‌ഗാരിയാണ് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വെച്ച് ജർമൻ പൊലീസിൻ്റെയും എഫ്.ബി.ഐയുടെയും സംയുക്ത നീക്കത്തിൽ അറസ്റ്റിലായത്. യൂണിവേഴ്സിറ്റി ഓഫ് അരിസോണയിലെ വിദ്യാർഥിനിയായ ജൂലിസ്സ റൂബി സലാസർ (19) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ടക്സണിലെ അപ്പാർട്ട്മെൻ്റിൽ ജൂലിസ്സയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജൂലിസ്സയുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാൻ പ്രതി വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ജൂലിസ്സയുടെ മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുകളും വരുൺ കൈക്കലാക്കിയിരുന്നു. പെൺകുട്ടിയുടെ മരണവിവരം പുറത്തറിയാതിരിക്കാൻ ഈ ഫോൺ ഉപയോഗിച്ച് ജൂലിസ്സയുടെ അമ്മയ്ക്ക് പ്രതി സന്ദേശങ്ങൾ അയക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ ബാങ്ക് കാർഡ് ഉപയോഗിച്ച് ടാക്സി കൂലി നൽകി ടക്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വരുൺ, ഹൂസ്റ്റൺ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. ജർമനിയിൽ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുമ്പ് ഇതേ സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന വരുൺ, ഒരു അടിപിടിക്കേസിനെ തുടർന്ന് ക്യാമ്പസിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ്. പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് അമേരിക്കൻ പൊലീസ് ചുമത്തിയിരിക്കുന്നത്. നിലവിൽ ജർമൻ കസ്റ്റഡിയിലുള്ള പ്രതിയെ വിചാരണയ്ക്കായി ഉടൻ തന്നെ യു.എസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു
Indian man who escaped after killing girlfriend in US arrested in Germany















