
ന്യൂയോർക്ക്: അമേരിക്കൻ ഉപരോധത്തെ തുടർന്ന് പശ്ചിമേഷ്യൻ മേഖലയിലുടനീളം സർവീസുകൾ റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിൽ, ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജൻസിയായ ഐസിഎഒയിൽ (ICAO) പരാതി നൽകി ഇറാൻ. ഇറാനിയൻ വ്യോമയാന മേഖലയ്ക്ക് മേൽ അമേരിക്ക ഈ മാസം കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ഇറാന് സഹായം നൽകുന്ന മറ്റ് രാജ്യങ്ങൾക്കോ കമ്പനികൾക്കോ എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഉപരോധം പ്രാബല്യത്തിൽ വന്നതോടെ അയൽരാജ്യങ്ങൾ ഇറാന്റെ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും നിരവധി അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കാൻ നിർബന്ധിതരാകുകയും ചെയ്തു. അമേരിക്ക ഏർപ്പെടുത്തിയ നിയമവിരുദ്ധമായ നിയന്ത്രണങ്ങൾക്കെതിരെയും രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് ഔദ്യോഗിക പ്രതിഷേധം സമർപ്പിച്ചതെന്ന് ഇറാന്റെ സിവിൽ ഏവിയേഷൻ മേധാവി അബൂസർ ശിരൂദി വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയവുമായി ചേർന്നാണ് നയതന്ത്ര സമർദ്ദം ശക്തമാക്കാൻ ഇറാൻ തീരുമാനിച്ചിരിക്കുന്നത്.














