വമ്പൻ അവകാശവാദവുമായി ഇറാന്‍റെ പരമോന്നത നേതാവ്; അറേബ്യൻ കടലിൽ നിന്നും യുഎസ് സേനയെ ഉടൻ തുരത്തും, വിശുദ്ധ പ്രതിരോധ വാരത്തിൽ ഭീഷണി

ടെഹ്റാൻ: അറേബ്യൻ കടലിൽ നിന്ന് അമേരിക്കൻ സൈനിക ശക്തിയെ ഉടൻ തന്നെ പുറത്താക്കുമെന്ന അവകാശവാദവുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി. ഇറാന്റെ ‘വിശുദ്ധ പ്രതിരോധ വാരത്തോടനുബന്ധിച്ച്’ പുറപ്പെടുവിച്ച രേഖാമൂലമുള്ള സന്ദേശത്തിലാണ് അമേരിക്കക്കെതിരെ ഖമേനി രൂക്ഷമായ മുന്നറിയിപ്പ് നൽകിയത്.

ഇറാൻ പ്രതിരോധ സേനകളിൽ നിന്നും നേരിട്ട ശക്തമായ തിരിച്ചടികൾ കാരണം ഹോർമുസ് കടലിടുക്കിലേക്ക് മുന്നേറാൻ കഴിയാതെ യുഎസ് സേന അറേബ്യൻ കടലിൽ തങ്ങിനിൽക്കാൻ നിർബന്ധിതരാകുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. അറേബ്യൻ കടലിനെ ഉടൻ തന്നെ ശത്രുക്കളുടെ സാന്നിധ്യത്തിൽ നിന്ന് പൂർണ്ണമായി മുക്തമാക്കുമെന്നും ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ട സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ പിതാവും മുൻ പരമോന്നത നേതാവുമായ അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മൊജ്തബ ഖമേനി അധികാരമേറ്റത്. എന്നാൽ യുദ്ധം ആരംഭിച്ചതിനുശേഷം അദ്ദേഹം ഇതുവരെ നേരിട്ടോ വീഡിയോ വഴിയോ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണത്തിൽ ഖമേനിക്ക് കടുത്ത പരിക്കേറ്റിട്ടുണ്ടെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

More Stories from this section

family-dental
witywide