ഇന്ത്യയിൽ പീഡനമെന്ന വാദത്തിന് തെളിവില്ല, ഇന്ത്യൻ മുസ്ലിം യുവാവിൻ്റെ അഭയഹർജി യുഎസ് തള്ളി, നാടു കടത്തും

വാഷിംഗ്ടൺ: ഇന്ത്യയിൽ മതപരമായ പീഡനം നേരിടുന്നുണ്ടെന്ന് കാണിച്ച് യുഎസിൽ അഭയം തേടിയ ഇന്ത്യൻ മുസ്ലിം യുവാവിന്റെ ഹർജി യുഎസ് അപ്പീൽ കോടതി തള്ളി. ഹൈദരാബാദ് സ്വദേശിയായ സനാവുള്ള ഖാൻ മുഹമ്മദിന്റെ അപേക്ഷയിലാണ് യുഎസ് ഏഴാം സർക്യൂട്ട് അപ്പീൽ കോടതി നിർണായക വിധി പുറപ്പെടുവിച്ചത്. ഹർജിയിൽ യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുന്ന തടയാനാകില്ലെന്നും ഉത്തരവിട്ടു. ഇന്ത്യ ഒരു വലിയ രാജ്യമാണെന്നും സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ ഇയാൾക്ക് രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറി താമസിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

കുടുംബം നടത്തിയിരുന്ന കശാപ്പുശാലയുമായി ബന്ധപ്പെട്ട് 2016 മെയ് മാസത്തിൽ ഒരു സംഘം ആളുകൾ തന്നെയയും അമ്മയെയും മർദ്ദിച്ചതായും കല്ലെറിഞ്ഞതായുമായിരുന്നു സനാവുള്ള ഖാന്റെ വാദം. എന്നാൽ അക്രമം നടന്ന ഉടൻ തന്നെ പ്രാദേശിക പൊലീസ് ഇടപെട്ട് അക്രമികളെ തുരത്തിയതായി സനാവുള്ളയുടെ മൊഴിയിൽ തന്നെ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ അക്രമത്തിന് ഭരണകൂടത്തിന്റെ ഒത്താശയുണ്ടായിരുന്നെന്ന് തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല. സംഭവത്തിൽ ഇയാൾക്ക് ഏറ്റ ചെറിയ പോറലുകളും ചതവുകളും രാജ്യത്ത് പീഡനം അനുഭവിക്കുന്നു എന്ന രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും കോടതി വിധിയിൽ പറയുന്നു.

അക്രമം നടന്ന് ഒരു മാസത്തിന് ശേഷം, 2016 ജൂണിൽ ടൂറിസ്റ്റ് വിസയിലാണ് സനാവുള്ള യുഎസിൽ എത്തിയത്. ആ വർഷം ഡിസംബറിൽ വിസാ കാലാവധി കഴിഞ്ഞിട്ടും ഇയാൾ നിയമവിരുദ്ധമായി യുഎസിൽ തുടർന്നു. തുടർന്ന് മൂന്ന് വർഷത്തോളം വൈകി 2019 ജനുവരിയിലാണ് അഭയത്തിനായി അപേക്ഷ സമർപ്പിച്ചത്. നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ നൽകാത്തതിനാൽ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് എമിഗ്രേഷൻ സർവീസസും പിന്നീട് ഇമിഗ്രേഷൻ ജഡ്ജിയും ഹർജി തള്ളിയിരുന്നു. മുൻകാലങ്ങളിൽ പീഡനം അനുഭവിച്ചിട്ടില്ലെന്നും ഭാവിയിൽ പീഡിപ്പിക്കപ്പെടാൻ കാര്യമായ സാധ്യതയില്ലെന്നുമുള്ള ഇമിഗ്രേഷൻ ജഡ്ജിയുടെ കണ്ടെത്തൽ അപ്പീൽ കോടതിയും ശരിവെക്കുകയായിരുന്നു.

മുൻപ് തർക്കങ്ങൾക്ക് കാരണമായ കശാപ്പുശാല ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നതും, ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ഇയാൾക്ക് സുരക്ഷിതമായി ജീവിക്കാം എന്നതും ചൂണ്ടിക്കാട്ടിയാണ് യുഎസ് കോടതി സനാവുള്ളയുടെ അപ്പീൽ പൂർണ്ണമായും തള്ളിക്കളഞ്ഞത്.

There is no evidence to support the claim of torture in India, the US rejects the asylum application of an Indian Muslim youth

More Stories from this section

family-dental
witywide