സിലിക്കൺ വാലിയിൽ ഇന്ത്യക്കാർ സ്വന്തക്കാരെ തിരുകിക്കയറ്റുന്നു; അഭിമുഖ ചോദ്യങ്ങൾ ചോർത്തി നൽകുന്നു, ആരോപണവുമായി മുൻ ഗൂഗിൾ കോൺട്രാക്ടർ

സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ സിലിക്കൺ വാലിയിലുള്ള മുൻനിര ഐടി കമ്പനികളിൽ ഇന്ത്യക്കാർ സ്വന്തം നാട്ടുകാരെ മാത്രം ജോലിക്ക് എടുക്കുന്നതിനായി പ്രത്യേക ശൃംഖല നടത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി മുൻ ഗൂഗിൾ കോൺട്രാക്ടർ. എച്ച്-1ബി വിസ സംബന്ധിച്ച ഒരു ഡോക്യുമെൻ്ററിക്കായി ‘ജിബി ന്യൂസിന്’ നൽകിയ അഭിമുഖത്തിലാണ് സ്റ്റീഫൻ വിവിയൻ എന്ന മുൻ ജീവനക്കാരൻ ഈ വെളിപ്പെടുത്തൽ നടത്തിയത്.

ഇന്ത്യയിൽ നിന്നുള്ള ജീവനക്കാർ തങ്ങളുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും കമ്പനിയിലെ അതീവ രഹസ്യ സ്വഭാവമുള്ള ഇൻ്റർവ്യൂ ചോദ്യങ്ങൾ മുൻകൂട്ടി ചോർത്തി നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഗൂഗിളിൽ എച്ച്-1ബി വിസയിലുള്ള നിരവധി ജീവനക്കാർക്കൊപ്പം ജോലി ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തോടായിരുന്നു വിവിയൻ്റെ പ്രതികരണം.

സിലിക്കൺ വാലിയിലെ കമ്പനികളിൽ ഇന്ത്യക്കാർ മറ്റ് ഇന്ത്യക്കാരെ മാത്രമേ ജോലിക്ക് എടുക്കാൻ താല്പര്യപ്പെടുന്നുള്ളൂ. പുതിയ തൊഴിലവസരങ്ങളെക്കുറിച്ച് ഇന്ത്യക്കാർ തങ്ങളുടെ നാട്ടുകാരായ സുഹൃത്തുക്കളെ മാത്രം അറിയിക്കുകയും അവർക്ക് ജോലി ലഭിക്കാൻ ആവശ്യമായ രീതിയിൽ സഹായിക്കുകയും ചെയ്യുന്നു. ഒരു ഇന്ത്യൻ ഉദ്യോഗാർത്ഥി അഭിമുഖത്തിന് എത്തുമ്പോൾ, നേരത്തെ ജോലിയിൽ പ്രവേശിച്ച മറ്റ് ഇന്ത്യക്കാർ തങ്ങളോട് ചോദിച്ച ഇൻ്റർവ്യൂ ചോദ്യങ്ങൾ ഓർത്തെടുത്ത് ഇയാൾക്ക് പങ്കുവെക്കുന്നു. പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കേണ്ട ചോദ്യങ്ങളാണ് ഇത്തരത്തിൽ കൈമാറുന്നത്. സിലിക്കൺ വാലിയിൽ ഇത്തരം ഒരു രഹസ്യ ശൃംഖല പ്രവർത്തിക്കുന്നുണ്ട്. താൻ ഒരു ഇന്ത്യൻ ജീവനക്കാരുമായി സൗഹൃദത്തിലായപ്പോഴാണ് ഈ വിചിത്രമായ നെറ്റ്‌വർക്കിനെക്കുറിച്ചും ചോദ്യങ്ങൾ ചോർത്തുന്നതിനെക്കുറിച്ചും മനസ്സിലാക്കാൻ കഴിഞ്ഞത്. ആ സുഹൃത്ത് തനിക്കും ഇത്തരത്തിൽ ചോദ്യങ്ങൾ നൽകിയിരുന്നു.

ഈ ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത വംശീയ അധിക്ഷേപമാണ് വിവിയൻ നടത്തുന്നതെന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. അമേരിക്കൻ പൊളിറ്റിക്കൽ സയന്റിസ്റ്റായ റിച്ചാർഡ് ഹനാനിയ ഈ ആരോപണങ്ങളെ തള്ളിപ്പറഞ്ഞു. വിവിയൻ ഗൂഗിളിൽ ഒരു വെണ്ടർ ഡെലിവറി മാനേജർ മാത്രമായിരുന്നുവെന്നും, പ്രധാനപ്പെട്ട പദവികൾ ഒന്നും വഹിക്കാത്ത ഒരു കോൺട്രാക്ടറുടെ വാക്ക് കേട്ട് ടെക് ലോകത്തെ മുഴുവൻ ഇന്ത്യക്കാരും തട്ടിപ്പുകാരാണെന്ന് മുദ്രകുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാർ എത്തുന്നത് അവരുടെ കഴിവ് കൊണ്ടാണെന്നും, കടുത്ത മത്സരമുള്ള തൊഴിൽ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയാത്തതിൻ്റെ നിരാശയിലാണ് ഇത്തരം വംശീയമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മറ്റ് പ്രമുഖരും പ്രതികരിച്ചു.

Indians are taking their own people into Silicon Valley; interview questions are being leaked, alleges former Google contractor

More Stories from this section

family-dental
witywide