
ടെഹ്റാൻ: ഒമാൻ ഉൾക്കടലിൽ ഇറാൻ്റെ ചരക്കുകപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതിനെത്തുടർന്ന് മേഖലയിൽ സംഘർഷം മുറുകുന്നു. യുഎസ് നടപടി വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്നും ഇതിന് ഉടൻ തിരിച്ചടി നൽകുമെന്നും ഇറാൻ്റെ സൈനിക ആസ്ഥാനം അറിയിച്ചു. ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാൻ പതാകയേന്തിയ കപ്പൽ പിടിച്ചെടുത്ത കാര്യം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ അമേരിക്കയുടേത് വെറും കടൽക്കൊള്ളയാണെന്നാണ് ഇറാൻ്റെ നിലപാട്.
“ഒമാൻ കടലിൽ വെച്ച് ഇറാൻ ചരക്കുകപ്പലിന് നേരെ വെടിയുതിർത്ത യുഎസ് സേന, കപ്പലിൻ്റെ നാവിഗേഷൻ സംവിധാനം തകരാറിലാക്കി. തുടർന്ന് ഭീകരരായ മറീനുകളെ കപ്പലിലേക്ക് ഇറക്കി നിയമവിരുദ്ധമായി അത് കൈവശപ്പെടുത്തുകയായിരുന്നു,” എന്ന് ഇറാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ ഈ സായുധ നീക്കത്തിന് വൈകാതെ തന്നെ പ്രതികാരം ചെയ്യുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. സംഭവത്തെത്തുടർന്ന് ഗൾഫ് മേഖലയിൽ കടുത്ത ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
Iran angered by US action; warns of imminent retaliation for seizing cargo ship















