സൽമാൻ റുഷ്ദി വധശ്രമം: പ്രതി ഹാദി മതാർ അന്താരാഷ്ട്ര ഭീകരവാദ കുറ്റങ്ങളിൽ കുറ്റക്കാരനെന്ന് യു.എസ് കോടതി

ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ 2022-ൽ വേദിയിൽ വെച്ച് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി ഹാദി മതാർ (28) കുറ്റക്കാരനാണെന്ന് യു.എസ് ഫെഡറൽ ജൂറി കണ്ടെത്തി. അന്താരാഷ്ട്ര ഭീകരവാദ പ്രവർത്തനം ഉൾപ്പെടെയുള്ള കടുത്ത ഫെഡറൽ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനകം തന്നെ വധശ്രമക്കേസിൽ ന്യൂയോർക്ക് സംസ്ഥാന കോടതി വിധിച്ച 25 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് പുതിയ ഫെഡറൽ കുറ്റസ്ഥാപനത്തോടെ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കാം.

‘ദി സാത്താനിക് വേഴ്സസ്’ എന്ന നോവലിൻ്റെ പേരിൽ സൽമാൻ റുഷ്ദിക്കെതിരെ 1989-ൽ അന്തരിച്ച ഇറാൻ പരമോന്നത നേതാവ് അയത്തുള്ള റൂഹുള്ള ഖൊമേനി പുറപ്പെടുവിച്ച വധശിക്ഷാ വിധി (ഫത്‌വ) നടപ്പാക്കാനാണ് താൻ ശ്രമിച്ചതെന്ന് പ്രതി വിവിധ മെസ്സേജിങ് ആപ്പുകളിലൂടെ വെളിപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. ലെബനീസ് ഭീകരസംഘടനയായ ഹിസ്ബുള്ളയോടുള്ള ആഭിമുഖ്യവും ഇയാളുടെ സന്ദേശങ്ങളിൽ വ്യക്തമായിരുന്നു.

2022 ഓഗസ്റ്റിൽ പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷതൌക്വ ഇൻസ്റ്റിറ്റ്യൂഷനിൽ വെച്ചാണ് റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. വേദിയിലേക്ക് ഇരച്ചുകയറിയ പ്രതി റുഷ്ദിയെ 15 തവണയാണ് കുത്തിയത്. ആക്രമണത്തിൽ റുഷ്ദിയുടെ വലതുകണ്ണിൻ്റെ കാഴ്ച നഷ്ടപ്പെടുകയും കരളിനും ഇടതുകൈയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തെ അതിജീവിച്ചത് ഒരു അത്ഭുതമാണെന്ന് റുഷ്ദി പിന്നീട് പ്രതികരിച്ചിരുന്നു. ആക്രമണത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് റുഷ്ദി 2024-ൽ ഒരു സ്മരണിക പ്രസിദ്ധീകരിക്കുകയും കഴിഞ്ഞ വർഷം ‘ദി ഇലവൻത് അവർ’ എന്ന പുതിയ നോവൽ പുറത്തിറക്കുകയും ചെയ്തു.

Salman Rushdie assassination attempt: US court finds Hadi Matar guilty of international terrorism charges

More Stories from this section

family-dental
witywide