ദോഹ: യുഎസ്-ഇറാൻ യുദ്ധത്തിന്റെ തുടക്കത്തിൽ വിമാനങ്ങളിൽ നിന്ന് പുറത്തേക്ക് ചാടേണ്ടിവന്ന മൂന്ന് ഇറാനിയൻ പൈലറ്റുമാരെ ഖത്തർ തടവിലാക്കിയെന്ന ആരോപണം നിഷേധിച്ച് ഖത്തർ. ഇറാൻ സ്റ്റേറ്റ് മീഡിയ ശനിയാഴ്ച പുറത്തുവിട്ട കത്തിൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബാഖർസാദെ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി (ICRC) മേധാവിയോട് പൈലറ്റുമാരുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുഎസ്-ഇറാൻ യുദ്ധത്തിന്റെ തുടക്കത്തിൽ ശത്രുവിന്റെ വിമാനവിരുദ്ധ വെടിവയ്പ്പിനെ തുടർന്ന് വിമാനങ്ങളിൽ നിന്ന് പുറത്തേക്ക് ചാടിയ പൈലറ്റുമാരെ കഴിഞ്ഞ ആറ് മാസമായി ഖത്തറിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് ഇറാന്റെ ആരോപണം.
നിരവധി നയതന്ത്ര ശ്രമങ്ങളും ഇടപെടലുകളും നടത്തിയിട്ടും തടവിലുള്ള പൈലറ്റുമാരെ കാണാനോ ചോദ്യം ചെയ്യാനോ കുടുംബങ്ങളുമായും ബന്ധപ്പെട്ട അധികൃതരുമായും ബന്ധപ്പെടാനോ ഖത്തർ അനുവദിച്ചിട്ടില്ല എന്നും കത്തിൽ പറയുന്നു. പൈലറ്റുമാരുടെ അടിസ്ഥാന അവകാശങ്ങൾ ഖത്തർ ലംഘിച്ചെന്നും വിഷയത്തിൽ ICRC അടിയന്തരമായി ഇടപെടണമെന്നും ബാഖർസാദെ ആവശ്യപ്പെട്ടു.
എന്നാൽ, ഇറാന്റെ ആരോപണം ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളി. ഇറാനിയൻ പൈലറ്റുമാരെ ഖത്തർ തടവിലാക്കിയെന്ന പ്രചരിക്കുന്ന ആരോപണങ്ങൾ ഞങ്ങൾ പൂർണമായും നിഷേധിക്കുന്നുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് മുഹമ്മദ് അൽ അൻസാരി ശനിയാഴ്ച സമൂഹമാധ്യമത്തിൽ കുറിച്ചു. ഖത്തർ വ്യോമാതിർത്തി ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിന് പിന്നാലെ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ഖത്തർ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി രാജ്യത്തിന്റെ പ്രദേശം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. പൈലറ്റുമാരുടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി ഖത്തറിന്റെ തിരച്ചിൽ-രക്ഷാ സംഘങ്ങൾ പരമാവധി പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മരിച്ച ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയതായും അത് ഇറാന് കൈമാറുന്നതിനായി ഖത്തർ അധികൃതർ ഇറാനുമായി ബന്ധപ്പെട്ടതായും അൽ അൻസാരി അറിയിച്ചു. തിരച്ചിൽ-രക്ഷാ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽകുന്നതിനായി ഇറാൻ അധികൃതരെ ഖത്തറിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഇറാനിൽ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Iran claims Qatar detained three pilots; Qatar denies it.









