റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ സാരിറ്റ്സിനോ മ്യൂസിയം റിസർവിൽ കൂട്ടമരണത്തിന് ഇടയാക്കാവുന്ന ആക്രമണത്തിന് ഭീഷണിയുണ്ടെന്ന് യുഎസ് എംബസി. ശനിയാഴ്ച പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പിൽ, ഭീഷണി നേരിടാൻ റഷ്യൻ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും എംബസി അറിയിച്ചു. ഒക്ടോബർ 31ന് മ്യൂസിയവും പരിസരപ്രദേശങ്ങളും ഒഴിവാക്കാൻ യുഎസ് പൗരന്മാർക്ക് നിർദേശവും നൽകി.
പരിസരത്ത് ജനക്കൂട്ടമുള്ള ഇടങ്ങളിൽനിന്ന് അകന്നുനിൽക്കുക, ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പുലർത്തുക, വ്യക്തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക, മൊബൈൽ ഫോണുകൾ ചാർജ് ചെയ്ത് സൂക്ഷിക്കുക, തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും എംബസി അറിയിച്ചു.
മോസ്കോയിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി യുഎസിൽനിന്ന് വിവരം ലഭിച്ചെന്ന് റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) വ്യക്തമാക്കി. നിലവിലുള്ള സഹകരണ സംവിധാനങ്ങളിലൂടെയാണ് വിവരം കൈമാറിയതെന്നും ആവശ്യമായ സുരക്ഷാ നടപടികൾ ആരംഭിച്ചതായും ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്തു.
മോസ്കോയുടെ തെക്കൻ ഭാഗത്തുള്ള ചരിത്രപ്രസിദ്ധമായ കൊട്ടാരസമുച്ചയവും വിശാലമായ ഉദ്യാനവുമാണ് സാരിറ്റ്സിനോ. ക്രെംലിനിൽനിന്ന് ഏകദേശം 16 കിലോമീറ്റർ അകലെയുള്ള ഈ സമുച്ചയം 1775ൽ ചക്രവർത്തിനിയായ കാതറിൻ രണ്ടാമന്റെ വേനൽക്കാല വസതിയായാണ് നിർമിച്ചത്. ഇന്ന് ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, മ്യൂസിയങ്ങൾ, ഉദ്യാനങ്ങൾ എന്നിവയാൽ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമാണിത്.
റഷ്യയിൽ ഭീകരാക്രമണ സാധ്യതയെക്കുറിച്ച് യുഎസ് മുന്നറിയിപ്പ് നൽകുന്നത് ഇതാദ്യമല്ല. 2024 മാർച്ചിൽ മോസ്കോയിൽ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിവരം കൈമാറിയിരുന്നു. ആഴ്ചകൾക്കുശേഷം ക്രോക്കസ് സിറ്റി ഹാൾ സംഗീതവേദിയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐഎസ്-കെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
US Embassy warns Russia of ‘mass-casualty event’ threat at historic Moscow palace













