വാഷിംഗ്ടണിലെ 250 അടി ഉയരമുള്ള ‘ട്രയംഫൽ ആർച്ച്’ നിർമ്മാണത്തിൽ അടിയന്തര വിധി നൽകാൻ ഫെഡറൽ കോടതി; ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങളെ തള്ളി ജഡ്ജി

വാഷിം​ഗ്ടൺ: വാഷിംഗ്ടൺ ഡിസിയിൽ ലിങ്കൺ മെമ്മോറിയലിനും ആർലിംഗ്ടൺ ദേശീയ ശ്മശാനത്തിനും ഇടയിൽ 250 അടി (76 മീറ്റർ) ഉയരത്തിൽ ‘ട്രയംഫൽ ആർച്ച്’ നിർമ്മിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തിടുക്കപ്പെട്ട നീക്കങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ഫെഡറൽ ജഡ്ജി തന്യ ചുട്കൻ. വരുന്ന ആഴ്ച നിർമ്മാണം ആരംഭിക്കാനിരിക്കെ, പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ട് വിമുക്ത ഭടന്മാരും വിർജീനിയ, വാഷിംഗ്ടൺ ഡി.സി അധികൃതരും നൽകിയ ഹർജികളിൽ വിചാരണ പൂർത്തിയാക്കിയ കോടതി കേസിൽ ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചു.

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യവാർഷിക സ്മാരകമായി തുടക്കത്തിൽ പ്രഖ്യാപിച്ച ഈ പദ്ധതി, പിന്നീട് സൈനിക ആവശ്യങ്ങൾക്കും ഡ്രോണുകളും വെടിക്കോപ്പുകളും സൂക്ഷിക്കുന്നതിനുമുള്ള മിലിട്ടറി കോംപ്ലക്സായി മാറ്റിയെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദത്തെ ജഡ്ജി ചോദ്യം ചെയ്തു. മൂന്ന് വർഷത്തിന് ശേഷം നിർമ്മാണം പൂർത്തിയാകുന്ന ഒരു സ്മാരകത്തിന് എന്ത് ദേശീയ സുരക്ഷാ അടിയന്തിരതയാണുള്ളതെന്നും പ്രസിഡന്റിനെതിരെയുള്ള വധശ്രമങ്ങളെ പ്രതിരോധിക്കാൻ ഈ ആർച്ച് എങ്ങനെ സഹായിക്കുമെന്നും ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിനോട് കോടതി ചോദിച്ചു.

പ്രതിദിനം 22,000 സന്ദർശകർ എത്തുന്ന വിനോദസഞ്ചാര മേഖലയിൽ ഇത്തരം സൈനിക സാന്നിധ്യം സ്ഥാപിക്കുന്നത് സുരക്ഷാ ആശങ്കയുണ്ടാക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം, ചരിത്രപ്രാധാന്യമുള്ള ആർലിംഗ്ടൺ ശ്മശാനത്തിന്റെ കാഴ്ച മറയ്ക്കുന്നതും വൻ തോതിലുള്ള ട്രാഫിക് തടസ്സങ്ങൾ സൃഷ്ടിക്കുന്നതുമാണ് നിർദ്ദിഷ്ട പദ്ധതിയെന്ന് വാഷിംഗ്ടൺ ഡി.സിയും വിർജീനിയ സംസ്ഥാനവും കോടതിയിൽ വാദിച്ചു. ഫെഡറൽ കോടതി അടിയന്തര സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഹർജിക്കാർ.

More Stories from this section

family-dental
witywide