പരസ്പരം മിസൈലാക്രമണം കടുപ്പിച്ച് ഇസ്രയേലും ഇറാനും, 72 മണിക്കൂർ നേരത്തേക്ക് വ്യോമപാത അടച്ച് ഇറാഖ്, ആക്രമണം പാടില്ലെന്ന് ട്രംപിന്‍റെ നിർദ്ദേശം, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ, ഇസ്രയേലിന് നേരെ അതിശക്തമായ മിസൈൽ ആക്രമണ പരമ്പരയുമായി ഇറാൻ രംഗത്തെത്തിയതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായി. ഇസ്രയേലിന്റെ വടക്കൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി ഇറാൻ കൂട്ടത്തോടെ തൊടുത്ത മിസൈലുകൾ തങ്ങൾ വിജയകരമായി തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ ഈ നീക്കത്തിന് കനത്ത തിരിച്ചടി നൽകുമെന്നും ഇറാനെ ചാരമാക്കുമെന്നും ഇസ്രായേൽ കടുത്ത ഭീഷണി മുഴക്കുമ്പോൾ, ഇസ്രായേൽ പ്രത്യാക്രമണം നടത്തിയാൽ തങ്ങളുടെ ഭാഗത്തുനിന്നുള്ള തിരിച്ചടി കൂടുതൽ ശക്തമാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബെയ്റൂട്ടിലെ ജനവാസ മേഖലയായ ദഹിയേയിൽ പ്രവർത്തിച്ചിരുന്ന ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനവും തന്ത്രപ്രധാനമായ ഭൂഗർഭ ഓപ്പറേഷൻ റൂമും ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വൻ വ്യോമാക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. ഈ ഭൂഗർഭ കേന്ദ്രം വിജയകരമായി തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഏപ്രിൽ മാസത്തിലെ വെടിനിർത്തലിന് ശേഷം ആദ്യമായി ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ, സുരക്ഷ മുൻനിർത്തി ഇറാഖ് തങ്ങളുടെ വ്യോമപാത 72 മണിക്കൂർ നേരത്തേക്ക് പൂർണ്ണമായി അടച്ചിരിക്കുകയാണ്.

ഇരുപക്ഷവും കടുത്ത നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനയും അതീവ ജാഗ്രതയിലാണ്. എന്നാൽ ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രത്യാക്രമണം നടത്തരുതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് വിവരം. യു.എസ്. കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളെത്തുടർന്ന് ജോർദാനിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മേഖലയിൽ വലിയൊരു യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഇതിനിടെ സജീവമാണ്.

Iran Launches Massive Missile Attack on Israel; Iraq Closes Airspace for 72 Hours Amid War Fears

Also Read

More Stories from this section

family-dental
witywide