
വാഷിംഗ്ടൺ: യുഎസിന്റെ അത്യാധുനിക ആയുധശേഖരത്തെക്കുറിച്ചും മിസൈൽ ശേഖരത്തിലെ കുറവിനെക്കുറിച്ചുമുള്ള അതീവ രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്ന സംഭവത്തിൽ പെന്റഗൺ ആരംഭിച്ച ആഭ്യന്തര അന്വേഷണം ശക്തമാകുന്നു. ദീർഘദൂര മിസൈലുകൾ, പേട്രിയറ്റ് ഇന്റർസെപ്റ്ററുകൾ തുടങ്ങിയ നിർണായക യുദ്ധോപകരണങ്ങളുടെ ശേഖരത്തിൽ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന് ജൂലൈയിൽ മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതേതുടർന്നാണ് ജോയിന്റ് സ്റ്റാഫിലെ മുതിർന്ന ഉദ്യോഗസ്ഥരെയും സൈനിക ഉപദേഷ്ടാക്കളെയും കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണവും പോളിഗ്രാഫ് (കള്ളം കണ്ടുപിടിക്കുന്ന) പരിശോധനയും ആരംഭിച്ചത്. അമേരിക്ക ഇറാനെതിരെയുള്ള സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ച സമയത്തായിരുന്നു ആയുധക്ഷാമം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ രാജ്യത്ത് ആയുധക്ഷാമമുണ്ടെന്ന വാദങ്ങൾ ട്രംപ് ഭരണകൂടം ശക്തമായി തള്ളി.
യുഎസിന്റെ പക്കൽ “വൻതോതിലുള്ള” ആയുധശേഖരം ലഭ്യമാണെന്നും ഇത്തരത്തിലുള്ള വിവരങ്ങൾ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അതേസമയം, ജോയിന്റ് സ്റ്റാഫ് ഉദ്യോഗസ്ഥരിൽ നിന്ന് കുറഞ്ഞുവരുന്ന ആയുധശേഖരത്തെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നു നൽകിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം കൃത്യമായി ചോദിച്ചറിഞ്ഞതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ പരിശോധനയിൽ, വിവരങ്ങൾ ചോർത്തിയെന്ന ചോദ്യത്തിന് ആരും പരാജയപ്പെട്ടിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവര ചോർച്ചയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തുക എന്നതിലുപരി, ഭാവിയിൽ ഉദ്യോഗസ്ഥർ രഹസ്യവിവരങ്ങൾ പുറത്തുവിടുന്നത് തടയുന്നതിനുള്ള കർശന മുന്നറിയിപ്പ് എന്ന നിലയിലാണ് പെന്റഗൺ ഈ നടപടിയെ കാണുന്നത്. സംയുക്ത സൈനിക മേധാവി ജനറൽ ഡാൻ കെയ്ൻ ഉൾപ്പെടെയുള്ള ചില ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഈ പോളിഗ്രാഫ് പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.












