
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത ഭീഷണിക്ക് ഇന്ത്യൻ സിനിമയിലെ ‘മാസ്’ ആക്ഷൻ രംഗം പങ്കുവെച്ച് ഇറാന്റെ തകർപ്പൻ മറുപടി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഇറാനെ പൂർണ്ണമായി ഇല്ലാതാക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കാണ്, തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയുടെ (ബാലയ്യ) സിനിമയിലെ ഒരു തീയറ്റർ ഓളം സൃഷ്ടിച്ച സംഘട്ടന രംഗം പങ്കുവെച്ച് സിംബാബ്‌വെയിലെ ഇറാൻ എംബസി പരിഹാസ രൂപേണ മറുപടി നൽകിയത്. “ഇറാൻ പ്രതിരോധമില്ലാത്ത രാജ്യമല്ല” യുഎൻ പൊതുസഭയിൽ സംസാരിക്കവെ, ഇറാനെതിരെ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നും ആവശ്യമായി വന്നാൽ രാജ്യത്തെ ഇല്ലാതാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇറാൻ എംബസി തങ്ങളുടെ ഔദ്യോഗിക എക്സ് പേജിൽ ഭഗവന്ത് കേസരി എന്ന ബാലയ്യ ചിത്രത്തിലെ 58 സെക്കൻഡ് ദൈർഘ്യമുള്ള ആക്ഷൻ വീഡിയോ പോസ്റ്റ് ചെയ്തത്. തോക്കുകളും മാരകായുധങ്ങളുമായി വളയുന്ന വൻ സായുധ സംഘത്തെ താരം ഒറ്റയ്ക്ക് നേരിടുന്നതാണ് ഈ രംഗം. “ഇറാനെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ട്രംപ് സംസാരിക്കുന്നു. എന്നാൽ പ്രതിരോധമില്ലാത്ത രാജ്യമല്ല ഇറാൻ എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അടുത്തിടെ അവർ ഹോളിവുഡ് സിനിമകൾക്ക് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നത് എന്ന് ഞങ്ങൾക്കറിയാം” എന്ന അടിക്കുറിപ്പോടെയായിരുന്നു എംബസിയുടെ പോസ്റ്റ്.
Iran brings Balayya into its meme war with US – from Tollywood, not BollywoodAs US President Donald Trump talks tough on Iran, the Iranian Embassy in Zimbabwe has reached into Indian cinema for a tongue-in-cheek response, using a high-voltage Balakrishna action scene to suggest that Tehran is not exactly sitting defenceless.And there’s a Telugu twist: the footage is from Bhagavanth Kesari, the 2023 Telugu film directed by @AnilRavipudi, starring Nandamuri Balakrishna. The film was later released in a Hindi-dubbed version.So, technically, Iran’s meme is borrowing from Telugu cinema, not Bollywood. A mass-movie moment has now found a very different geopolitical stage@IRANinZIMBABWE #US #IranWar #Tollywood #Bollywood #Balayya #Telangana #Telugu
— Sudhakar Udumula (@sudhakarudumula) September 23, 2026
ട്രംപിനെ ട്രോളാൻ ഇറാൻ തിരഞ്ഞെടുത്ത വഴി ആഗോളതലത്തിൽ വലിയ ചർച്ചയായെങ്കിലും പോസ്റ്റിലെ ഒരു ചെറിയ അബദ്ധം സോഷ്യൽ മീഡിയ കൈയോടെ പിടികൂടി. ‘ബോളിവുഡ് സിനിമകൾ’ കാണുന്നു എന്നാണ് എംബസി കുറിച്ചതെങ്കിലും അവർ പങ്കുവെച്ചത് തെലുങ്ക് (ടോളിവുഡ്) സിനിമയിലെ രംഗമായിരുന്നു. ഇന്ത്യൻ സിനിമാ പ്രേമികൾ ഉടൻ തന്നെ കമന്റുകളിലൂടെ ഇത് ബോളിവുഡ് അല്ല, തെലുങ്ക് ചിത്രമാണെന്ന് എംബസിയെ തിരുത്തുകയും ചെയ്തു. രാജ്യാന്തര തലത്തിലെ കടുത്ത രാഷ്ട്രീയ-നയതന്ത്ര തർക്കങ്ങൾക്കിടയിലേക്ക് ഇന്ത്യൻ സിനിമയിലെ ഒരു തകർപ്പൻ മാസ് രംഗം കടന്നുവന്നത് നിലവിൽ ആഗോള സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.
ഭീഷണികൾക്കിടയിലും അപ്രതീക്ഷിത നയതന്ത്ര ചർച്ചകൾ
ഒരു വശത്ത് ഇത്തരം സോഷ്യൽ മീഡിയ പോരുകൾ നടക്കുമ്പോഴും, മറുവശത്ത് ഇരുരാജ്യങ്ങളും തമ്മിൽ അതീവ നിർണായകമായ നയതന്ത്ര നീക്കങ്ങളാണ് ന്യൂയോർക്കിൽ നടക്കുന്നത്. ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാൻ ന്യൂയോർക്കിലെത്തിയിട്ടുണ്ട്. യുഎസുമായി യുദ്ധം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഇറാന്റെ സാന്നിധ്യം ചരിത്രത്തിൽ തന്നെ അഭൂതപൂർവ്വമാണ്. ഇറാനെ ‘ഇല്ലാതാക്കും’ എന്ന ട്രംപിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെ, കഴിഞ്ഞ ഏഴു മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ അപ്രതീക്ഷിതമായ ആദ്യ നേരിട്ടുള്ള ചർച്ചകൾ നടന്നു.
ട്രംപിന്റെ മുഖ്യ നയതന്ത്രജ്ഞരായ സ്റ്റീവ് വിറ്റ്കോഫും ജാറെഡ് കുഷ്നറും ഇറാൻ പ്രതിനിധികളുമായി ഏകദേശം മൂന്ന് മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഇത് വളരെ നല്ലൊരു കൂടിക്കാഴ്ചയായിരുന്നുവെന്നും, വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും ട്രംപ് സ്ഥിരീകരിച്ചു. കൂടാതെ, യുഎൻ പൊതുസഭയ്ക്കിടെ ഖത്തറിന്റെ മധ്യസ്ഥതയിൽ പരോക്ഷ ചർച്ചകളും നടക്കുന്നുണ്ട്. ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള യുഎസിന്റെ ഉപരോധം അവസാനിപ്പിക്കണമെന്നും, മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ആസ്തികൾ വിട്ടയക്കണമെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് ചർച്ചകളിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാൻ പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ ട്രംപ് തയ്യാറായേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സൂചന നൽകിയിട്ടുണ്ട്.
Iran shares a ‘mass’ Telugu movie scene to mock the US President














