
ടെഹ്റാൻ: അമേരിക്കയുമായുള്ള ആണവ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കവെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി ഇറാൻ. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ മുതിർന്ന ഉപദേശകനും മുൻ ഐ.ആർ.ജി.സി മേധാവിയുമായ മൊഹ്സൻ റെസായ്യാണ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ നിയന്ത്രണം രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കുമെന്നും ഗൾഫ് മേഖലയിൽ കഴിഞ്ഞ 50 വർഷമായി നിലനിൽക്കുന്ന അസ്ഥിരതയ്ക്ക് അറുതി വരുത്തുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ തസ്നിമോട് പറഞ്ഞു.
യുദ്ധമുഖത്തും നയതന്ത്രതലത്തിലും ഇറാൻ ഒരുപോലെ സജീവമാണെന്ന് റെസായ്യ് വ്യക്തമാക്കി. “ഞങ്ങളുടെ സൈനികർ ഇന്ന് ട്രിഗറിൽ കൈവെച്ച് തയ്യാറായിരിക്കുകയാണ്, അതേസമയം തന്നെ ഞങ്ങളുടെ ചർച്ചാ പ്രതിനിധികൾ ഇറാനിയൻ ജനതയുടെ അവകാശങ്ങൾ സുരക്ഷിതമാക്കാൻ പ്രവർത്തിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യു.എസ്-ഇറാൻ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് എത്തുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. കരാറിൻ്റെ അവസാന വട്ട ചർച്ചകൾ നടക്കുകയാണെന്നും ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാനിയൻ കപ്പലുകൾക്കുമേലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള ഒരു ധാരണാപത്രമാണ് ഇരുരാജ്യങ്ങളും തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ്റെ പക്കലുള്ള യുറേനിയം ശേഖരത്തെക്കുറിച്ചുള്ള കാര്യങ്ങൾ അടുത്ത 30 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ പ്രത്യേകം ചർച്ച ചെയ്യും. വിഷയത്തിൽ ഉടൻ തന്നെ കൂടുതൽ പുരോഗതികൾ പ്രതീക്ഷിക്കാമെന്ന് ഇന്ത്യ സന്ദർശിക്കുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും സൂചിപ്പിച്ചു. പേർഷ്യൻ ഗൾഫിനെ അന്താരാഷ്ട്ര വിപണികളുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക്, ആഗോള എണ്ണ-വാതക വിതരണത്തിൽ ഏറ്റവും തന്ത്രപ്രധാനമായ ഒരു കപ്പൽപ്പാതയാണ്.
Iran takes tough stance during peace talks, insists control of Hormuz is its legal right













