
കഴിഞ്ഞ സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ആൾക്കൂട്ട ദുരന്തം രാഷ്ട്രീയ ചതിയാണെന്ന് ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ സി. ജോസഫ് വിജയ്. ദുരന്തം നടന്ന് 285-ാം നാൾ കറുത്ത വസ്ത്രമണിഞ്ഞ് കരൂരിലെത്തിയ വിജയ്, അന്നത്തെ ഡിഎംകെ സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചു. ആൾക്കൂട്ടം നിയന്ത്രണാതീതമാണെന്ന മുന്നറിയിപ്പ് നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും, പെരമ്പലൂരിലെ തന്റെ പൊതുയോഗം അവസാന നിമിഷം തടഞ്ഞ പൊലീസ് കരൂരിൽ അനുമതി നൽകിയതിന് പിന്നിൽ നാടകവും ചതിയും ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിനെ വിശ്വസിച്ചതുകൊണ്ടാണ് തനിക്ക് ഈ ഗൂഢാലോചന മനസ്സിലാകാതിരുന്നതെന്നും വിജയ് കൂട്ടിച്ചേർത്തു.
ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ഓർമ്മ നിലനിർത്താനും രാഷ്ട്രീയ ഗൂഢാലോചന മറക്കാതിരിക്കാനുമായി കരൂരിൽ സ്മാരകം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. ഇതിനൊപ്പം, അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളായ 32 പേർക്ക് സർക്കാർ സർവീസിൽ നിയമനം നൽകിക്കൊണ്ടുള്ള ഉത്തരവും അദ്ദേഹം ചടങ്ങിൽ വെച്ച് കൈമാറി. പൊലീസിന് വേണമെങ്കിൽ അന്ന് യോഗം റദ്ദാക്കാമായിരുന്നിട്ടും അതിന് മുതിരാത്തത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നുവെന്നാണ് വിജയ്‌യുടെ പക്ഷം.
അതേസമയം, പൊലീസിനെയും മുൻ ഡിഎംകെ സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയ വിജയ്‌യുടെ പ്രസംഗത്തിനെതിരെ ഡിഎംകെ നേതാവ് കനിമൊഴി ശക്തമായി രംഗത്തെത്തി. കരൂർ ദുരന്തം അതീവ വൈകാരികമായ ഒരു വിഷയമാണെന്നും അതിൽ എല്ലാവരും ഉത്തരവാദിത്തത്തോടെയാണ് സംസാരിക്കേണ്ടതെന്നും കനിമൊഴി ഓർമ്മിപ്പിച്ചു. ദുരന്തസമയത്ത് യഥാർത്ഥത്തിൽ ജനങ്ങൾക്കൊപ്പം നിന്നത് ആരാണെന്നും അവിടെനിന്ന് ഓടിപ്പോയത് ആരാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും അവർ തിരിച്ചടിച്ചു. കേസിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കനിമൊഴി വ്യക്തമാക്കി.
Karur Tragedy a Political Conspiracy, Says CM Vijay; Kanimozhi Hits Back, Advising Responsible Remarks












