
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കാനും സ്വന്തം നിയമങ്ങൾ നടപ്പിലാക്കാനും വേണ്ടി ഇറാൻ പുതുതായി രൂപീകരിച്ച ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’ക്ക് (പിജിഎസ്എ) യുഎസ് ട്രഷറി ഉപരോധം ഏർപ്പെടുത്തി. ഇതോടെ അമേരിക്കൻ പൗരന്മാർക്കോ കമ്പനികൾക്കോ ഈ അതോറിറ്റിയുമായി യാതൊരുവിധ ഇടപാടുകളും നടത്താൻ സാധിക്കില്ല.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ഭീഷണിപ്പെടുത്തി പണം തട്ടാനായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) നടത്തുന്ന പുതിയ ശ്രമമാണിതെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് ആരോപിച്ചു.
ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ് – ഇസ്രായേൽ – ഇറാൻ യുദ്ധത്തെത്തുടർന്ന് ഈ സുപ്രധാന ജലപാത ഇറാൻ ഫലത്തിൽ അടച്ചിട്ടിരിക്കുകയാണ്. ഇതിനുശേഷമാണ് മെയ് 5-ന് കപ്പലുകൾക്ക് പെർമിറ്റ് നൽകുന്നതിനും സമുദ്ര ഗതാഗതം നിയന്ത്രിക്കുന്നതിനുമായി ഈ ഔദ്യോഗിക നിയമപരമായ സമിതി ഇറാൻ രൂപീകരിച്ചത്. ഈ പുതിയ അതോറിറ്റിയുടെ നിയമപ്രകാരം ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും സുരക്ഷിതമായ യാത്രയ്ക്കായി ‘വെസൽ ഇൻഫർമേഷൻ ഡിക്ലറേഷൻ’ എന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകണമെന്ന് ഇറാൻ കർശന നിർദേശമാക്കിയിട്ടുണ്ട്.
Iran tightens control over Strait of Hormuz; US blacklists Iran’s new authority in Strait of Hormuz















