
മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഇയുടെ മരണശേഷവും കൂടുതൽ കരുത്തോടെ ഇറാൻ ഉയിർത്തെഴുന്നേറ്റുവെന്ന് പുതിയ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മുജ്തബ ഖംനഇ വ്യക്തമാക്കി. വാർഷിക ഹജ്ജ് തീർത്ഥാടനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ലക്ഷ്യമിട്ട നയതന്ത്ര-സൈനിക പദ്ധതികളെ ഇറാനും പ്രതിരോധ സഖ്യവും ചേർന്ന് പൂർണ്ണമായി പരാജയപ്പെടുത്തിയെന്നും അദ്ദേഹം ഹജ്ജ് സന്ദേശത്തിൽ അവകാശപ്പെട്ടു. മേഖലയിലെ രാജ്യങ്ങൾ ഇനി ഒരിക്കലും അമേരിക്കൻ സൈനിക താവളങ്ങളുടെ സംരക്ഷണ കവചമായി നിൽക്കില്ലെന്നും യുഎസിന്റെ അധിനിവേശ കാലം അവസാനിച്ചതായും മുജ്തബ ഖംനഇ കൂട്ടിച്ചേർത്തു.
ഇതിനിടയിൽ, ഗൾഫ് മേഖലയിൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച അമേരിക്കൻ സൈന്യത്തിന് നേരെ ശക്തമായ തിരിച്ചടി നൽകിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ അതിർത്തിക്കുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച അമേരിക്കയുടെ മാരക ശേഷിയുള്ള ഒരു എംക്യു-9 (MQ-9 Reaper) ഡ്രോൺ വെടിവെച്ചിട്ടതായി ഐആർജിസി സ്ഥിരീകരിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്ന് തുടർച്ചയായ പ്രകോപനങ്ങളുണ്ടായാൽ ശക്തമായ പ്രത്യാക്രമണം തുടരുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി.
ഡ്രോണിന് പുറമെ അമേരിക്കയുടെ അതീവ അത്യാധുനിക എഫ്-35 (F-35) യുദ്ധവിമാനവും ആർക്യു-4 (RQ-4) നിരീക്ഷണ ഡ്രോണും ഇറാന്റെ വ്യോമാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചതായും സൈനിക പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഇറാൻ പ്രതിരോധ സേന ശക്തമായി വെടിയുതിർത്തതിനെ തുടർന്ന് ഈ യുദ്ധവിമാനവും ഡ്രോണും അതിർത്തിയിൽ നിന്നും പിന്തിരിഞ്ഞ് ഓടുകയായിരുന്നു. അമേരിക്കയുമായി സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ സൈനിക അധിനിവേശ ശ്രമങ്ങളുണ്ടായതെന്നും നിലവിലുള്ള വെടിനിർത്തൽ കരാറുകൾ ലംഘിക്കാൻ അമേരിക്ക ശ്രമിച്ചാൽ അതിന് കൃത്യമായ മറുപടി നൽകാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഐആർജിസി വ്യക്തമാക്കി.
Iran Undeterred After Ali Khamenei’s Passing, Says Mojtaba Khamenei; IRGC Claims Shooting Down US MQ-9 Drone















