ട്രംപിനുമേലുള്ള ആഭ്യന്തര സമ്മർദ്ദം മുതലെടുക്കാൻ ഇറാന്റെ നീക്കം: ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നേക്കും

വാഷിം​ഗ്ടൺ: ‌അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വന്തം രാജ്യത്ത് നേരിടുന്ന കടുത്ത രാഷ്ട്രീയ, സാമ്പത്തിക സമ്മർദ്ദങ്ങൾ കാരണം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ടോൾ അല്ലെങ്കിൽ സേവന ഫീസ് ഈടാക്കണമെന്ന ആവശ്യത്തിൽ ഇറാൻ ഉറച്ചുനിൽക്കാൻ സാധ്യതയേറെയാണെന്ന് ടെഹ്‌റാൻ സർവകലാശാലയിലെ വേൾഡ് സ്റ്റഡീസ് പ്രൊഫസർ ഫൊആദ് ഇസാദി. യുദ്ധം ആരംഭിക്കുന്നതിന് മുൻപുള്ളതിനേക്കാൾ ഉയർന്ന നിരക്കിൽ ഇന്ധനവില തുടരുന്നതിനാൽ അമേരിക്കയിൽ ട്രംപ് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് അൽ ജസീറയോട് സംസാരിക്കവെ ഇസാദി ചൂണ്ടിക്കാട്ടി.

ഇതിനുപുറമെ, ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങൾ ഉൾപ്പെടെ നിരവധി കോൺഗ്രസ് പ്രതിനിധികളും ഭൂരിഭാഗം അമേരിക്കൻ ജനതയും നിലവിലെ യുദ്ധത്തെ എതിർക്കുന്നുണ്ട്. തങ്ങൾക്കെതിരെ നടന്ന നിയമവിരുദ്ധമായ യുദ്ധത്തിൽ വലിയ സാമ്പത്തിക നഷ്ടം നേരിട്ട ഇരകളാണ് ഇറാനെന്നും, നിലവിലെ സാഹചര്യങ്ങൾ ട്രംപിനുമേൽ സ്വാധീനം ചെലുത്താനുള്ള മികച്ച അവസരമാണെന്നും ഇറാന്റെ ഭരണനേതൃത്വം മനസ്സിലാക്കുന്നു.

ട്രംപ് നേരിടുന്ന ഈ രാഷ്ട്രീയ പ്രതിസന്ധി ഘട്ടം തങ്ങൾക്കുണ്ടായ നഷ്ടങ്ങൾക്ക് പണം ഈടാക്കാനുള്ള അനുയോജ്യമായ സമയമായി ഇറാനിയൻ അധികൃതർ വിലയിരുത്താൻ സാധ്യതയുണ്ട്. അതിനാൽ കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഫീസ് ഈടാക്കുക എന്ന തന്ത്രപ്രധാനമായ നിലപാടിൽ നിന്ന് ഇറാൻ എളുപ്പത്തിൽ പിന്മാറുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പാർട്ടി പരാജയപ്പെടുകയാണെങ്കിൽ, അത് യുദ്ധത്തിനായി കോൺഗ്രസ് അനുവദിക്കുന്ന ഫണ്ടിനെയും ബജറ്റിനെയും നേരിട്ട് ബാധിക്കുമെന്നും ഇസാദി വിലയിരുത്തി.

More Stories from this section

family-dental
witywide