
കനത്ത മഴയെത്തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ 8 ജില്ലകളിൽ നാളെ (ഓഗസ്റ്റ് 2, ഞായർ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച പ്രവർത്തിക്കുന്ന പ്രത്യേക ക്ലാസുകൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ഇതു പ്രകാരം മദ്രസകളടക്കമുള്ള മതപഠന കേന്ദ്രങ്ങൾ, സൺഡേ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കുമെന്ന് 8 ജില്ലകളിലെയും കളക്ടർമാർ അറിയിച്ചു. വിദ്യാർത്ഥികൾക്കായി നടത്തുന്ന ഓഫ്‌ലൈൻ പഠന-പരിശീലന ക്ലാസുകളൊന്നും അനുവദിക്കില്ലെങ്കിലും ഓൺലൈൻ ക്ലാസുകൾക്ക് നിയന്ത്രണമില്ല.
വയനാട്ടിൽ റെസിഡൻഷ്യൽ സ്കൂളുകളുടെയും കോളേജുകളുടെയും സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തണമെന്നും, സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതാണെന്നും ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ അറിയിച്ചു. കൂടാതെ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരും. കോഴിക്കോട് ജില്ലയിൽ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കശന നിയമനടപടി സ്വീകരിക്കും.
അതേസമയം, കോഴിക്കോട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനത്തിനും വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും കളക്ടർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് തുടർച്ചയായി നാല് ഗ്രീൻ അലർട്ടുകൾ പ്രഖ്യാപിക്കുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ വ്യക്തമായി അറിയിച്ചിട്ടുണ്ട്.
Red Alert: Holiday Declared for Tuition Centers and Religious Classes in Kozhikode and Wayanad Tomorrow















