ദുബായ്: ആരോഗ്യത്തിന് നിലവിൽ കുഴപ്പങ്ങളൊന്നുമില്ലെന്നും തിങ്കളാഴ്ച ഡൽഹിയിൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ. സുധാകരൻ. കോൺഗ്രസ് പ്രസ്ഥാനത്തെയും ഇന്ത്യാ സഖ്യത്തെയും ശക്തിപ്പെടുത്താൻ നാളെ പാർലമെന്റിൽ എത്തുമെന്ന് ദുബായിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കി. ചികിത്സയ്ക്ക് പോകാൻ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും, ബിജെപി തന്നെ കൊണ്ടുപോകുമെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ ആരും വിശ്വസിക്കരുതെന്നും സുധാകരൻ പറഞ്ഞു.
സ്വർണക്കൊട്ടാരം തന്നാൽ പോലും മരണം വരെയും കോൺഗ്രസ് പ്രവർത്തകനായി പോരാടുന്ന ധീരനായ കോൺഗ്രസ് പടയാളിയാണ് താനെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന സന്ദർഭത്തിൽ അദ്ദേഹം ചികിത്സയ്ക്കായി ദുബായിലേക്ക് പോയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ പാർട്ടി നിർദേശിക്കുകയും, ഇന്ന് രാവിലെ നാട്ടിലേക്ക് തിരിക്കാനിരിക്കെ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
പിന്നാലെ, പിതാവിനെ കാണാൻ അനുവദിക്കുന്നില്ലെന്നും ബിജെപി നേതാക്കൾ അദ്ദേഹത്തെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആരോപിച്ച് മകൻ സംജോഗ് മാധ്യമങ്ങളെ കണ്ടിരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സംജോഗ് ആരോപിച്ചിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് സുധാകരനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
‘I Am a Brave Congress Soldier, Will Be in Parliament Tomorrow’: K. Sudhakaran Dismisses Rumors After Dubai Hospital Discharge















