
സെന്റ് പീറ്റേഴ്സ്ബർഗ്: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തിയ അരാഗ്‌ചി സെൻ്റ് പീറ്റേഴ്സ്ബർഗിൽ വെച്ചാണ് പുടിനെ കാണുകയെന്ന് റഷ്യയിലെ ഇറാൻ അംബാസഡർ കാസിം ജലാലി സ്ഥിരീകരിച്ചു.
രാജ്യം നേരിടുന്ന ബാഹ്യ ഭീഷണികൾക്കിടയിൽ ഇറാൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ‘നയതന്ത്ര യുദ്ധത്തിൻ്റെ’ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെന്ന് ജലാലി വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒമാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം റഷ്യയിലെത്തിയത്.
അതേസമയം, പാകിസ്ഥാൻ മധ്യസ്ഥർ മുഖേന ഇറാൻ അമേരിക്കയ്ക്ക് രേഖാമൂലമുള്ള സന്ദേശങ്ങൾ കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ്റെ ആണവ പദ്ധതികൾ, ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടങ്ങിയ വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകളും ‘റെഡ് ലൈനുകളും’ ഇറാൻ ഈ കത്തിലൂടെ യുഎസിനെ അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നയതന്ത്ര നീക്കങ്ങളെ ഏറെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
Iranian Foreign Minister to meet Putin; Araghchi in Russia after Oman and Pakistan















