സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളും ദീപാലങ്കാരവും, ഓണം വാരാഘോഷം കളറാകും; സംസ്ഥാനതല ഉദ്ഘാടനം നാളെ കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

തിരുവനന്തപുരം: കേരളത്തിന്‍റെ ഉത്സവ സംസ്കാരവും കലാപൈതൃകവും സമന്വയിപ്പിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് നാളെ (ഓഗസ്റ്റ് 24) തിരുവനന്തപുരത്ത് തിരി തെളിയും. ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കും. ഓണാഘോഷത്തിന്‍റെ സമാപനം കുറിച്ച് ആഗസ്റ്റ് 30 ന് നടക്കുന്ന ഘോഷയാത്ര ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ചടങ്ങില്‍ സംബന്ധിക്കും. കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓഗസ്റ്റ് 30 വരെ നടക്കുന്ന ഓണാഘോഷത്തിനു മാറ്റുകൂട്ടും. ഉദ്ഘാടന സമ്മേളനത്തില്‍ ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മന്ത്രിമാരായ കെ.മുരളീധരന്‍, സി.പി ജോണ്‍, മേയര്‍ വി.വി രാജേഷ്, ഡോ. ശശി തരൂര്‍ എംപി എന്നിവര്‍ പങ്കെടുക്കും. നടന്‍ കുഞ്ചാക്കോ ബോബന്‍ വിശിഷ്ടാതിഥിയാകും.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടി ശോഭനയുടെ നൃത്താവിഷ്കാരവും, കെ.എസ് ഹരിശങ്കര്‍ ലൈവ് ബാന്‍ഡ് അവതരണവും ഉണ്ടായിരിക്കും. വിപുലമായ പരിപാടികളോടെയാണ് ടൂറിസം വകുപ്പ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. പൈതൃക കലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആവിഷ്കാരങ്ങള്‍ ഇത്തവണത്തെ സവിശേഷതയാണ്. ഓണം വാരാഘോഷം കേരളത്തിലേക്ക് ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വേള കൂടിയാണ്. പാരമ്പര്യത്തനിമയാര്‍ന്ന കേരളത്തിന്‍റെ ഓണാഘോഷവും തനത് കലകളും സമൃദ്ധമായ ഓണസദ്യയും വിദേശത്തുനിന്ന് ഉള്‍പ്പെടെ എത്തുന്ന സഞ്ചാരികള്‍ക്ക് വലിയ അനുഭവമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച കോവളത്ത് നിന്ന് ആരംഭിച്ച ഓണം ടൂറിസം വാരാഘോഷ വിളംബര പതാക ഘോഷയാത്ര തിരുവനന്തപുരം ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തി കനകക്കുന്നില്‍ സമാപിച്ചു. തുടര്‍ന്ന് ഓണപ്പതാക ഉയര്‍ത്തി. ഭക്ഷ്യമേളയുടെയും നഗരത്തിലെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും തുടര്‍ന്ന് നടന്നു. ഭാരത് ഭവനില്‍ തിരുവാതിരക്കളി മത്സരവും സംഘടിപ്പിച്ചു. നാളെ (ആഗസ്റ്റ് 24) ജവഹര്‍ ബാലഭവനില്‍ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ഓണം വാരാഘോഷത്തിന്‍റെ ഭാഗമായുള്ള വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും വെള്ളിയാഴ്ച കനകക്കുന്നില്‍ തുടക്കമായി.

കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. വിവിധ വേദികളിലായി 340-ലേറെ പരിപാടികളാണ് അരങ്ങേറുക. സംസ്ഥാനതല ഓണാഘോഷത്തിന്‍റെ ഭാഗമായി മാത്രം 3,000ത്തോളം കലാകാരന്‍മാരും അണിയറപ്രവര്‍ത്തകരും പങ്കെടുക്കും. സംസ്ഥാനത്താകെ 8000 ലേറെ കലാകാരന്‍മാര്‍ പങ്കാളികളാകും. വിവിധ ജില്ലകളില്‍ 170ല്‍ പരം കലാപരിപാടികളുമായ് വിപുലമായ രീതിയിലാണ് ഇത്തവത്തെ ആഘോഷ പരിപാടികള്‍ ഒരുക്കുന്നത്.

ഉണ്ണിമേനോന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മധു ബാലകൃഷ്ണന്‍, മഞ്ജരി, കാവാലം ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍, നജീം അര്‍ഷാദ്, ഹരിശങ്കര്‍, സൂരജ് സന്തോഷ്, വൈക്കം വിജയലക്ഷ്മി തുടങ്ങിയ ഗായകരും സംഗീതജ്ഞരും നയിക്കുന്ന പരിപാടികള്‍ മുഖ്യ ആകര്‍ഷണമാണ്. കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ശംഖുമുഖം, അയ്യങ്കാളി ഹാള്‍, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 35 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക. തലസ്ഥാന നഗരത്തിന് പുറമെ ജില്ലാ കേന്ദ്രങ്ങളിലും ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

പ്രധാന വേദിയായ നിശാഗന്ധിയില്‍ ആഗസ്റ്റ് 25 മുതല്‍ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 7 മണി വരെ മുടിയേറ്റ്, തോല്‍പ്പാവക്കൂത്ത്, പടയണി, അര്‍ജുനനൃത്തം, പൂതനും തിറയും ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറും. കേരളത്തിന്‍റെ കലാപൈതൃകത്തെ അടുത്തറിയാന്‍ അവസരമൊരുക്കുന്ന ലൈവ് സെഷനുകള്‍ ഇത്തവണത്തെ പ്രത്യേകതയാണ്. നാടകാവതരണം അയ്യങ്കാളി ഹാളിലും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹാളിലുമായി നടക്കും. യോഗ, കഥാപ്രസംഗം ഗാന്ധിപാര്‍ക്കിലും കളരിപ്പയറ്റ് അവതരണം മ്യൂസിയം കോമ്പൗണ്ടിലും നൃത്തയിനങ്ങള്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനിലുമാണ്.

വേളി ടൂറിസ്റ്റ് വില്ലേജ്, വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ്, പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാല, ശ്രീവരാഹം, ആക്കുളം, മുടവൂര്‍പാറ ബോട്ട് ക്ലബ് അങ്കണം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ഗ്രൗണ്ട്, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കോവളം എന്നിവിടങ്ങളിലും വിവിധ കലാപരിപാടികള്‍ അരങ്ങേറും. നഗരത്തില്‍ കവടിയാര്‍, അട്ടക്കുളങ്ങര, ശാസ്തമംഗലം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് വൈദ്യുത ദീപാലങ്കാരം ഒരുക്കും.

Grand Onam Tourism Week Celebrations CM VD Satheesan to Kick Off Tomorrow at Kanakakkunnu

More Stories from this section

family-dental
witywide