
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിവിധ രാജ്യങ്ങളിലെ തന്റെ സഹപ്രവർത്തകരുമായി ആശയവിനിമയം നടത്തി. സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, തുർക്കി, ഇറാഖ്, അസർബൈജാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ ഫോണിൽ വിളിച്ച അദ്ദേഹം മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് വിശദീകരിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനായുള്ള ഇറാന്റെ ഏറ്റവും പുതിയ നിർദ്ദേശങ്ങൾ പാകിസ്ഥാൻ മധ്യസ്ഥർക്ക് കൈമാറിയതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക നീക്കം.
യുറോപ്യൻ യൂണിയന്റെ വിദേശനയ മേധാവി കാജ കല്ലാസുമായും അരാഗ്ചി വെള്ളിയാഴ്ച ചർച്ചകൾ നടത്തി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചും മേഖലയിലെ ദീർഘകാല സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചതായി യൂറോപ്യൻ കമ്മീഷൻ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ഇത്തരം ചർച്ചകൾ അനിവാര്യമാണെന്നാണ് ഇറാൻ്റെ പക്ഷം.
തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാനുമായും അരാഗ്ചി ചർച്ചകൾ നടത്തിയതായി തുർക്കി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമാധാന ശ്രമങ്ങൾ ഊർജിതമാക്കുന്നതിലൂടെ മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര ലോകം.













