യുഎസ് ഉപരോധം മറികടന്ന് ഇറാന്റെ സൈനിക ഉപകരണ ഇറക്കുമതി; 5,000ത്തിലേറെ രഹസ്യ ഏജൻസികളെന്ന് റിപ്പോർട്ട്

അമേരിക്കയുടെ നാവിക ഉപരോധവും പാശ്ചാത്യ രാജ്യങ്ങളുടെ വിലക്കുകളും മറികടന്ന് സൈനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ഇറാൻ 5,000ത്തിലേറെ രഹസ്യ ഏജൻസികളുടെ ശൃംഖല പ്രവർത്തിപ്പിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട്. 2025 ജനുവരി മുതൽ ഈ ശൃംഖല വഴി 200 കോടി ഡോളറിന്റെ (ഏകദേശം 18,000 കോടി രൂപ) സൈനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതായാണ് കണ്ടെത്തൽ. മിസൈൽ, ഡ്രോൺ പദ്ധതികൾക്കാവശ്യമായ ഉപകരണങ്ങൾ, സ്ഫോടക വസ്തുക്കൾ, ഹെവി വാഹനങ്ങൾ എന്നിവയാണ് വിവിധ രാജ്യങ്ങളിൽനിന്ന് ഈ ശൃംഖല വഴി ഇറക്കുമതി ചെയ്യുന്നത്.

അമേരിക്കയുമായുള്ള യുദ്ധത്തിനിടെ ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും സൈനിക വിതരണ ശൃംഖല നിലനിർത്താൻ ഇതിലൂടെ സാധിച്ചെന്നാണ് റിപ്പോർട്ട്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ചുരുക്കപ്പേരായ MOD എന്നതിൽ തുടങ്ങുന്ന പേരുകളിലാണ് ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇവയുടെ വിലാസം ടെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയത്തിന്റെയും സായുധ സേനയുടെ ലോജിസ്റ്റിക്സ് വിഭാഗത്തിന്റെയും ആസ്ഥാനമാണ്. ആയിരക്കണക്കിന് ഇറാനിയൻ ബാങ്ക്, സർക്കാർ രേഖകൾ, കമ്പനി വിവരങ്ങൾ, ഇറക്കുമതി രേഖകൾ എന്നിവ പരിശോധിച്ചാണ് റോയിട്ടേഴ്സ് അന്വേഷണം നടത്തിയത്.

ഈ ഏജൻസികളിൽ ചിലതിന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായും (IRGC) ഭരണകൂടവുമായി ബന്ധമുള്ള വൻകിട ബിസിനസ് സ്ഥാപനങ്ങളുമായും ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 91 ഏജൻസികളുടെ ഫോൺ നമ്പറുകൾ ഇസ്ലാമിക് ഗാർഡ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ബാങ്ക് സെപാ രേഖകളിലും കണ്ടെത്തിയിട്ടുണ്ട്. ഏജൻസികൾ 1979 ഫെബ്രുവരി 11ന് സ്ഥാപിതമായതായാണ് രേഖകളിൽ കാണിക്കുന്നത്. എന്നാൽ ഇവയിൽ ഭൂരിഭാഗവും യഥാർഥത്തിൽ രൂപീകരിച്ചത് 2013ലാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അന്താരാഷ്ട്ര ഉപരോധത്തെത്തുടർന്ന് ഇറാന്റെ എണ്ണ കയറ്റുമതിയും കറൻസി മൂല്യവും കുത്തനെ ഇടിഞ്ഞ കാലമായിരുന്നു ഇത്.

വിദേശ ഇടനിലക്കാരെയും കടലാസ് കമ്പനികളെയും ഉപയോഗിച്ചാണ് ഈ ശൃംഖല പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. നിയമവിരുദ്ധമായ എണ്ണ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് സൈനിക ഉപകരണങ്ങൾ വാങ്ങുകയാണ് ഇവരുടെ രീതി. ഇറക്കുമതി ചെയ്തവയിൽ പ്രധാനമായും സൈനിക ഘടകങ്ങളും അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളുമാണുള്ളത്. പൂർത്തിയായ മിസൈലുകളോ ഡ്രോണുകളോ അല്ലെന്നും റോയിട്ടേഴ്സ് വ്യക്തമാക്കുന്നു.

ഇറാന്റെ ഔദ്യോഗിക വിദേശവ്യാപാര സംവിധാനത്തിന് സമാന്തരമായി പ്രവർത്തിക്കുന്ന ശൃംഖലയാണിതെന്ന് മുൻ യുഎസ് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥൻ മിയാദ് മാലെക്കി പറഞ്ഞു. വിദേശത്ത് എണ്ണ വിറ്റ് ലഭിക്കുന്ന പണം സൈനിക ഉപകരണങ്ങൾ വാങ്ങാൻ ഉപയോഗിക്കാൻ ഈ രഹസ്യ സംവിധാനം ഇറാനെ സഹായിക്കുന്നതായും അദ്ദേഹം റോയിട്ടേഴ്സിനോട് വ്യക്തമാക്കി.

Iran’s secret network of 5,000 agencies helped import $2 billion in military supplies despite US blockade: Report

More Stories from this section

family-dental
witywide