നിർണായക വെളിപ്പെടുത്തൽ, മുജ്തബ ഖമേനിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി ഇറാൻ; ‘ആരോഗ്യനില തൃപ്തികരം, ചർച്ചകൾക്ക് നേതൃത്വം നൽകുന്നു

ടെഹ്റാൻ: മാർച്ച് എട്ടിന് ചുമതലയേറ്റ ശേഷം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതിനെത്തുടർന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന സംശയങ്ങൾ ഇറാൻ തള്ളി. അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും ഭരണപരമായ കാര്യങ്ങളിലും സമാധാന ചർച്ചകളിലും നേരിട്ട് ഇടപെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഉപദേശകൻ മോഹ്‌സെൻ ഖോമി വ്യക്തമാക്കി.

യുദ്ധത്തിന്റെ തുടക്കത്തിൽ പിതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് കാരണമായ അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ മുജ്തബ ഖമേനിക്ക് പരിക്കേറ്റിരുന്നതായി മുതിർന്ന പുരോഹിതൻ കൂടിയായ ഖോമി ആദ്യമായി സ്ഥിരീകരിച്ചു. എന്നാൽ ബോംബാക്രമണത്തിന് തൊട്ടുമുമ്പ് അദ്ദേഹം പുറത്തേക്ക് ഇറങ്ങിയതിനാലാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരമേറ്റെടുത്ത ശേഷം വീഡിയോ സന്ദേശങ്ങളോ ശബ്ദരേഖകളോ പുറത്തുവിടാതെ കേവലം ലിഖിത പ്രസ്താവനകൾ മാത്രം പുറപ്പെടുവിക്കുന്നത് മുജ്തബ ഖമേനിയുടെ പരിക്കുകൾ അതീവ ഗുരുതരമാണെന്ന സംശയത്തിന് ആക്കം കൂട്ടിയിരുന്നു.

എന്നാൽ ഇത്തരം പ്രചാരണങ്ങൾ ശത്രുക്കളുടെ തന്ത്രമാണെന്നും അദ്ദേഹം എന്തുകൊണ്ടാണ് പൊതുവേദിയിൽ വരാത്തത് എന്ന് ചോദിക്കുന്നതിലൂടെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഖോമി കുറ്റപ്പെടുത്തി. പരമോന്നത നേതാവിന്റെ ഓഫിസിലെ അന്താരാഷ്ട്ര കാര്യങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി കൂടിയാണ് ഇദ്ദേഹം. നിലവിൽ യുദ്ധഭൂമിയിലെ നീക്കങ്ങളും നയതന്ത്ര ചർച്ചകളും മുജ്തബ ഖമേനി നേരിട്ട് വിലയിരുത്തുന്നുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു. വിവിധ സാഹചര്യങ്ങളിൽ ചർച്ചാ സംഘം സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് അദ്ദേഹം വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഭരണകാര്യങ്ങളിൽ അദ്ദേഹത്തിന് പൂർണ്ണമായ നിയന്ത്രണമുണ്ടെന്നും എല്ലാ കാര്യങ്ങളിലും അദ്ദേഹം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും വ്യക്തമാക്കുന്നതിലൂടെ നേതൃത്വത്തെക്കുറിച്ചുള്ള ആശങ്കകൾ അവസാനിപ്പിക്കാനാണ് ഇറാൻ ഭരണകൂടം ശ്രമിക്കുന്നത്.

More Stories from this section

family-dental
witywide