ഇറാൻ്റെ സമാധാന ചർച്ചാ പ്രതിനിധികളായ പ്രമുഖരെ വധിക്കാൻ ഇസ്രായേൽ നീക്കം: മുന്നറിയിപ്പുമായി യു.എസ്

ടെഹ്റാൻ: ഏപ്രിൽ ആദ്യം ആരംഭിച്ച അതീവ നിർണ്ണായകമായ വെടിനിർത്തൽ ചർച്ചകളെ അട്ടിമറിക്കാൻ ഇറാൻ്റെ മുതിർന്ന നയതന്ത്രജ്ഞരെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നതായി യു.എസ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫുമായിരുന്നു ഇസ്രായേലിൻ്റെ വധശിക്ഷാ പട്ടികയിലെ പ്രധാനികൾ. ഇസ്രായേലിന്റെ ഈ നീക്കത്തെക്കുറിച്ച് ഇറാന് അടിയന്തിര മുന്നറിയിപ്പ് നൽകാൻ മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദി ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

യുദ്ധത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി, മുൻ വിദേശകാര്യ മന്ത്രി കമാൽ ഖരാസി എന്നിവരെ വധിച്ച ഇസ്രായേൽ, തുടർന്നും ഇറാന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിടുന്നത് സമാധാന ചർച്ചകളെ പൂർണ്ണമായി തകർക്കുമെന്ന് വാഷിംഗ്ടൺ ഭയപ്പെടുന്നു. അമേരിക്കൻ നയതന്ത്രജ്ഞരും ഇറാൻ്റെ പ്രതിനിധികളും തമ്മിൽ ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇത്തരം ഒരു ആക്രമണം യുദ്ധം കൂടുതൽ വഷളാക്കുമെന്നാണ് യു.എസിന്റെ വിലയിരുത്തൽ.

ലക്ഷ്യം മാറ്റി യു.എസും ഇസ്രായേലും

യുദ്ധത്തിൻ്റെ തുടക്കത്തിൽ ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങൾ ഒന്നായിരുന്നെങ്കിലും, വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ചതോടെ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും നിലപാടുകൾ ഭിന്നിച്ചു. വാഷിംഗ്ടൺ സമാധാന കരാറിനായി സമ്മർദ്ദം ചെലുത്തുമ്പോൾ, ഇറാൻ്റെ ഭരണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രായേൽ. ജൂണിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യു.എസും ഇറാനും ഉണ്ടാക്കിയ പ്രാഥമിക കരാറും ഇസ്രായേലിനെ ചൊടിപ്പിച്ചിട്ടുണ്ട്.

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഘാലിബാഫ്

വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം അരാഗ്ചിയും ഘാലിബാഫും ഇസ്രായേലിൻ്റെ ഹിറ്റ്‌ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും യു.എസിൻ്റെ കർശനമായ ഇടപെടലിനെ തുടർന്നാണ് ഒഴിവാക്കിയത്. രണ്ട് തവണ ബോംബാക്രമണങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഘാലിബാഫിന് നേരെ കഴിഞ്ഞ ദിവസവും വധശ്രമമുണ്ടായി. യു.എസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസുമായി നടത്തിയ ചർച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഘാലിബാഫിൻ്റെ വിമാനത്തെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടതായാണ് റിപ്പോർട്ട്. തുടർന്ന് വിമാനം പാകിസ്താൻ അതിർത്തിക്കടുത്തുള്ള മഷ്ഹദ് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു.

എന്നാൽ, തുടർച്ചയായ വധഭീഷണികൾ നിലനിൽക്കുമ്പോഴും ഇറാൻ്റെ ഭാഗത്തുനിന്നും ചർച്ചകൾക്കുള്ള ശ്രമങ്ങൾ തുടരുകയാണ്. മെയ് മാസത്തിൽ ഇരു നേതാക്കളും സമാധാന ചർച്ചകൾക്കായി ഖത്തറിലും സ്വിറ്റ്സർലൻഡിലും സന്ദർശനം നടത്തിയിരുന്നു.

Israel moves to assassinate prominent Iranian peace negotiators: US warns

More Stories from this section

family-dental
witywide