
ജക്കാർത്ത: ഇന്തോനേഷ്യയിലെ അശാന്തമായ പാപ്പുവ പ്രവിശ്യയിൽ അമേരിക്കൻ പൈലറ്റിനെ വെടിവച്ചു കൊലപ്പെടുത്തിയതായി വിഘടനവാദ ഗ്രൂപ്പിൻ്റെ അവകാശവാദം. ഹൈലാൻഡ് പാപ്പുവയിലെ വിദൂര ജില്ലയായ യഹുകിമോയിൽ വിമാനം ലാൻഡ് ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. പൈലറ്റായ നിക്കോളാസ് എഫ്. ഗോസ്ലിനെ വെടിവച്ചു കൊന്ന ശേഷം അദ്ദേഹം നിയന്ത്രിച്ചിരുന്ന വിമാനത്തിന് തീയിട്ടതായി സായുധ വിഘടനവാദ സംഘടനയായ ‘ദ വെസ്റ്റ് പാപ്പുവ നാഷണൽ ലിബറേഷൻ ആർമി’ (ടിപിഎൻപിബി) അറിയിച്ചു.
‘പിടി എഎംഎ’ എന്ന സ്വകാര്യ എയർലൈൻ ഓപ്പറേറ്ററുടെ ഉടമസ്ഥതയിലുള്ള സിവിലിയൻ വിമാനമാണ് ആക്രമിക്കപ്പെട്ടത്. വിദൂര ഗ്രാമങ്ങളിലേക്ക് അവശ്യസാധനങ്ങളും യാത്രക്കാരെയും എത്തിക്കുന്ന സർവീസാണിത്. ഈ വിമാനം ഇന്തോനേഷ്യൻ സൈന്യത്തിന് ആയുധങ്ങളും ആളുകളെയും എത്തിക്കാൻ ഉപയോഗിക്കുന്നു എന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയതെന്ന് വിമത സംഘടനയുടെ വക്താവ് സെബി സാംബോം വ്യക്തമാക്കി. തങ്ങളുടെ മുന്നറിയിപ്പുകൾ അവഗണിക്കുന്ന വിമാനങ്ങൾ ഇനിയും ആക്രമിക്കുമെന്നും ഇന്തോനേഷ്യൻ-യുഎസ് സർക്കാരുകൾക്കുള്ള രാഷ്ട്രീയ മുന്നറിയിപ്പാണിതെന്നും അവർ കൂട്ടിച്ചേർത്തു.
ആക്രമണം നടക്കുമ്പോൾ പൈലറ്റിനെക്കൂടാതെ 7 പാപ്പുവൻ സ്വദേശികളായ യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. പൈലറ്റിൻ്റെ മരണം വിമതർ സ്ഥിരീകരിച്ചെങ്കിലും യാത്രക്കാരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. അതേസമയം, വിമാനം വിമാനത്താവളത്തിൽ കത്തിയ നിലയിൽ കണ്ടെത്തിയതായി ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയവും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചു.
US pilot shot dead in Papua; plane burned by rebels.















