മാറ്റത്തിന്‍റെ കാറ്റോ? രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; പഞ്ചായത്ത് സമിതികളിൽ കോൺഗ്രസിന് വമ്പൻ മുന്നേറ്റം

ജയ്പുർ: രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ വൻ ബിജെപിക്ക് തിരിച്ചടി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് സീറ്റുകളിൽ കോൺഗ്രസ് മുന്നേറ്റം തുടരുകയാണ്. സംസ്ഥാനത്തെ 37 ജില്ലകളിലായി 7,543 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 1,275 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങളാണ് പുറത്തുവരുന്നത്. രാജസ്ഥാനിലെ ആകെയുള്ള 41 ജില്ലകളിലും തിരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാൽ നാല് ജില്ലകളിലെ വോട്ടെണ്ണൽ ഡിസംബർ 17ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ജില്ലാ പരിഷത്തുകളുടെയും പഞ്ചായത്ത് സമിതികളുടെയും അഞ്ച് വർഷത്തെ കാലാവധി അടുത്ത മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.

7,543 പഞ്ചായത്ത് സമിതി സീറ്റുകളിൽ 6,050 എണ്ണത്തിന്റെ ഫലമാണ് ഇതുവരെ പ്രഖ്യാപിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം ഇതിൽ 2,990 സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കി. ബിജെപിക്ക് 1,795 സീറ്റുകളാണ് ലഭിച്ചത്. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി) 438 സീറ്റുകളിലും ഭാരത് ആദിവാസി പാർട്ടി (ബിഎപി) 215 സീറ്റുകളിലും വിജയിച്ചു. സിപിഎമ്മിന് 50 സീറ്റും ബിഎസ്പിക്ക് 44 സീറ്റും ലഭിച്ചു. ആം ആദ്മി പാർട്ടി രണ്ട് സീറ്റുകളിലും വിജയിച്ചു. 516 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും ജയിച്ചു.

ഫലം പ്രഖ്യാപിച്ച 239 ജില്ലാ പരിഷത്ത് സീറ്റുകളിൽ 143 എണ്ണവും കോൺഗ്രസിനാണ്. ബിജെപി 83 സീറ്റുകളിൽ വിജയിച്ചു. സ്വതന്ത്രർ അഞ്ച് സീറ്റുകളും ആർഎൽപി നാല് സീറ്റുകളും സിപിഎം മൂന്ന് സീറ്റുകളും ബിഎസ്പി ഒരു സീറ്റും നേടി. 37 ജില്ലാ പരിഷത്തുകളിൽ 24 ഇടത്താണ് കോൺഗ്രസ് മുന്നിലുള്ളത്. എട്ട് ജില്ലാ പരിഷത്തുകളിൽ ബിജെപിക്കും നാല് ഇടങ്ങളിൽ സ്വതന്ത്രർക്കുമാണ് ലീഡ്. ഒരു ജില്ലാ പരിഷത്തിൽ ആർക്കും കേവലഭൂരിപക്ഷം നേടാനായിട്ടില്ല.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖ ബിജെപി സ്ഥാനാർഥികളിൽ നഗരവികസന, ഭവനനിർമാണ മന്ത്രി ഝാബർ സിങ് ഖർറയുടെ ഭാര്യ ശാന്തി ദേവിയും മകൻ അജയ് സിങ്ങും ഉൾപ്പെടുന്നു. സിക്കാർ ജില്ലയിലെ 17, 20 വാർഡുകളിലായിരുന്നു ഇരുവരുടെയും മത്സരം. 19-ാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച ഖർറയുടെ മറ്റൊരു മകൻ ദുർഗാ സിങ്ങും പരാജയപ്പെട്ടു. അതേസമയം, ചുരുവിൽ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ രാജേന്ദ്ര റാത്തോഡിന്റെ മകൻ പരാക്രം സിങ് റാത്തോഡും മരുമകൾ കനിക സിങ്ങും ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചു.

More Stories from this section

family-dental
witywide