ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി ഉത്തരവിറക്കി. വിഷയത്തിൽ നേരത്തെ തേടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ അടക്കം ചുമത്തി കേസെടുക്കാൻ തീരുമാനിച്ചത്. ലയണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം റിപ്പോർട്ടർ ടിവിക്ക് അപ്പുറത്തേക്ക് നീളണമെന്നും മുൻ മന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും നേരത്തേതന്നെ ആവശ്യം ഉയർന്നിരുന്നു.
മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം നൽകിയതിലും, ഒരു സ്വകാര്യ സ്ഥാപനം മുൻകൈയെടുത്ത് നടത്തിയ പദ്ധതിക്ക് മന്ത്രി തന്നെ നേതൃത്വം നൽകുന്നു എന്ന തരത്തിൽ പ്രതിച്ഛായ ഉണ്ടാക്കിയതിലുമാണ് പ്രധാനമായും അന്വേഷണം നടക്കുക. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വിദേശ സന്ദർശനങ്ങൾ നടത്തുകയും കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതെല്ലാം പരിഗണിക്കുമ്പോൾ തട്ടിപ്പിൽ മുൻ മന്ത്രിക്കും പങ്കുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. കേസിൽ വി. അബ്ദുറഹ്മാന്റെ പങ്ക് ഏത് തരത്തിലാണെന്ന് കൃത്യമായി പരിശോധിക്കാനും, അന്വേഷണ നടപടികളുമായി വേഗത്തിൽ മുന്നോട്ടുപോകാനുമാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്.
Fraud in Messi’s Name: Home Department Grants Permission to Name Former Minister V Abdurahiman as Accused














