ജെഫ്രി എപ്‌സ്റ്റീൻ്റേതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്: ‘യാത്രപറയാൻ സമയം തിരഞ്ഞെടുക്കുന്നത് ഭാഗ്യം’

ന്യൂയോർക്ക്: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട സെക്സ് റാക്കറ്റ് കേസ് പ്രതി ജെഫ്രി എപ്‌സ്റ്റീൻ്റേതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് ഫെഡറൽ കോടതി പുറത്തുവിട്ടു. 2019-ൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ എപ്‌സ്റ്റീൻ്റെ സെല്ലിൽ നിന്നും ലഭിച്ചതെന്ന് പറയപ്പെടുന്ന കുറിപ്പാണ് ന്യൂയോർക്ക് ടൈംസിൻ്റെ അപേക്ഷയെത്തുടർന്ന് പരസ്യപ്പെടുത്തിയത്.

തീയതിയോ ഒപ്പോ ഇല്ലാത്ത കുറിപ്പിൽ അന്വേഷണ ഏജൻസികളെ പരിഹസിക്കുന്ന തരത്തിലുള്ള വരികളാണുള്ളത്. “അവർ മാസങ്ങളോളം എന്നെ അന്വേഷിച്ചു, പക്ഷേ ഒന്നും കണ്ടെത്താനായില്ല. യാത്രപറയാനുള്ള സമയം സ്വയം തിരഞ്ഞെടുക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. ഒരു രസവുമില്ല, ഇതിന് ഒന്നിനും ഒരു അർത്ഥവുമില്ല” – എന്നിങ്ങനെയാണ് കുറിപ്പിലെ വാചകങ്ങൾ.

എപ്‌സ്റ്റീനൊപ്പം സെല്ലിലുണ്ടായിരുന്ന തടവുകാരനാണ് ഈ കുറിപ്പ് കണ്ടെത്തിയതെന്ന് അവകാശപ്പെടുന്നത്. എന്നാൽ ഈ രേഖയുടെ വിശ്വാസ്യതയിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് (DOJ) കോടതിയെ അറിയിച്ചു. കുറിപ്പ് യഥാർത്ഥമാണോ എന്ന് സ്ഥിരീകരിക്കാൻ നിലവിൽ വകുപ്പിന് സാധിച്ചിട്ടില്ല. സതേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്കിലെ ജഡ്ജി കെന്നത്ത് കരാസ് ആണ് കുറിപ്പ് പുറത്തുവിടാൻ ഉത്തരവിട്ടത്. എപ്‌സ്റ്റീൻ്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം അമേരിക്കൻ കോൺഗ്രസ് സുതാര്യത ബിൽ പാസാക്കിയിരുന്നു. ഇതിന് പിന്നാലെ ദശലക്ഷക്കണക്കിന് രേഖകളാണ് എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട ഏകദേശം 60 ലക്ഷത്തിലധികം ഫയലുകളാണ് യുഎസ് നീതിന്യായ വകുപ്പ് ശേഖരിച്ചിരിക്കുന്നത്. ഇതിൽ പകുതിയോളം ഫയലുകൾ ഇപ്പോൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. പുറത്തുവന്ന ഇ-മെയിൽ രേഖകളിൽ എപ്‌സ്റ്റീൻ്റെ പീഡനത്തിന് ഇരയായവരിൽ ഒരു ഇന്ത്യൻ പെൺകുട്ടിയും ഉണ്ടായിരുന്നതായി വെളിപ്പെടുത്തലുണ്ട്. ഇരകൾക്കുള്ള നഷ്ടപരിഹാര നിധിയിൽ നിന്ന് സഹായം നൽകുന്നതിനായി ഈ പെൺകുട്ടിയെ കണ്ടെത്താൻ യുഎസ് അധികൃതർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. രാഷ്ട്രീയ-വാണിജ്യ-സിനിമ രംഗത്തെ നിരവധി പ്രമുഖർ എപ്‌സ്റ്റീനുമായി ബന്ധം പുലർത്തിയിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. മുൻ യുഎസ് പ്രസിഡന്റുമാരായ ബിൽ ക്ലിന്റൻ, ഡോണൾഡ് ട്രംപ്, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ, പ്രമുഖ വ്യവസായി ഇലോൺ മസ്‌ക്, ബിൽ ഗേറ്റ്‌സ് തുടങ്ങിയവരുടെ പേരുകൾ വിവിധ രേഖകളിൽ പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ പേര് പരാമർശിക്കപ്പെട്ടത് കൊണ്ട് മാത്രം ഇവർ കുറ്റക്കാരാണെന്ന് അർത്ഥമില്ല. പുറത്തുവന്ന പല രേഖകളിലും ഇരകളുടെ സ്വകാര്യത കണക്കിലെടുത്ത് വിവരങ്ങൾ മറച്ചുവെച്ചിട്ടുണ്ട്. എങ്കിലും ബാക്കിയുള്ള രേഖകൾ തന്നെ ലോകത്തെ പ്രമുഖ വ്യക്തികളെ പ്രതിക്കൂട്ടിലാക്കുന്നവയാണ്.

Jeffrey Epstein’s alleged suicide note released

More Stories from this section

family-dental
witywide