സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടിട്ടില്ല, വ്യാജ വാർത്തയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടെന്ന വാർത്തകൾ തള്ളി സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മുഖ്യമന്ത്രി ആരാകണമെന്നത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വിജയിച്ച 63 പേരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും മറ്റു പാർട്ടികളിൽ നിന്ന് മുഖ്യമന്ത്രി വന്നാലും തങ്ങൾക്ക് കുഴപ്പമില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ആരായാലും സമസ്തയെ സഹായിക്കുമെന്ന ഉറപ്പുണ്ടെന്നും എന്നാൽ സമസ്തയെ അവഗണിച്ചു കൊണ്ട് ആർക്കും മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യക്തിപരമായ താല്പര്യങ്ങൾക്കപ്പുറം സമുദായത്തിന്റെയും സംഘടനയുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് സമസ്ത സ്വീകരിക്കുന്നതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങളിലേക്ക് സമസ്തയുടെ പേര് വലിച്ചിഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെ ഘടകകക്ഷികളുടെയും മത-സാമുദായിക സംഘടനകളുടെയും നിലപാടുകൾ ഹൈക്കമാൻഡ് ഉറ്റുനോക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമസ്തയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ജിഫ്രി തങ്ങൾ രംഗത്തെത്തിയത്. നാളെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകാനിരിക്കെ സമസ്തയുടെ ഈ പ്രസ്താവനയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

More Stories from this section

family-dental
witywide