ഗ്യാനേഷിനെതിരായ ജിജി തോംസന്റെ വെളിപ്പെടുത്തൽ ദേശീയതലത്തിൽ കൊടുങ്കാറ്റാകുന്നു, മോദിയും ഷായും നടത്തിയ മാച്ച് ഫിക്സിംഗ് എന്ന് രാഹുൽ, രാജി വേണമെന്ന് ദീപ്കെ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ 2016-ൽ തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെന്ന കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റായി മാറുന്നു. 2016-ൽ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ സർവീസിൽ ഇരിക്കെയാണ് ഗ്യാനേഷ് കുമാർ തന്നോട് ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ച് കേന്ദ്രമന്ത്രിയാകാൻ നിർദേശിച്ചതെന്നാണ് ജിജി തോംസൺ വ്യക്തമാക്കിയത്. ആരോപണം കത്തിപ്പടർന്നതോടെ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിപക്ഷ പാർട്ടികൾ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ആദ്യം ആളുകളെ ബി.ജെ.പിയിലേക്ക് ചേർക്കാൻ ഉപയോഗിച്ച ഗ്യാനേഷ് കുമാറിനെ പിന്നീട് മോദിയും അമിത് ഷായും അമ്പയറാക്കി മാറ്റുകയും തെരഞ്ഞെടുപ്പുകളിൽ മാച്ച് ഫിക്സിംഗ് നടത്താനുള്ള ചുമതല ഏൽപ്പിക്കുകയുമായിരുന്നു എന്ന് രാഹുൽ ആഞ്ഞടിച്ചു. നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്താൻ ഗ്യാനേഷ് കുമാറിന് കഴിയില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം അടിയന്തരമായി രാജിവെക്കണമെന്നും സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്കേയും ആവശ്യപ്പെട്ടു.

അതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രതിപക്ഷം ഉന്നയിച്ച ക്രമക്കേടുകൾ ശരിവെക്കുന്നതാണെന്ന് എ.ഐ.സി.സി. വക്താവ് ജയ്റാം രമേശ് ആരോപിച്ചു. ഗോവയിൽ ക്രമക്കേട് പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് 97 വോട്ടർമാരെ തിരികെ ചേർത്തതെന്നും, ഡൽഹിയിലും മഹാരാഷ്ട്രയിലും തീയതി നീട്ടി നൽകിയ കമ്മീഷൻ കർണാടകത്തിലും തെലങ്കാനയിലും ഇത് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബംഗാളിലും ബീഹാറിലും വോട്ടവകാശം നഷ്ടപ്പെട്ടവർക്ക് മറുപടി നൽകണമെന്നും എസ്.ഐ.ആർ. നടപടികൾ ഉടൻ റദ്ദാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, ഗ്യാനേഷ് കുമാറിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ന്യായീകരിച്ച് ബി.ജെ.പിയും എൻ.ഡി.എ. ഘടകകക്ഷികളും രംഗത്തെത്തി. കമ്മീഷന്റെ പ്രസ്താവനയോടെ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും കള്ളങ്ങൾ പൊളിഞ്ഞുവെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും ബി.ജെ.പി. നേതാവ് രവിശങ്കർ പ്രസാദ് തിരിച്ചടിച്ചു. കമ്മീഷന്റെ വിശദീകരണത്തോടെ തെറ്റിദ്ധാരണകൾ മാറിയെന്നും ജനാധിപത്യ സംവിധാനത്തെ താറടിക്കുന്ന നീക്കങ്ങൾ ദൗർഭാഗ്യകരമാണെന്നും ടി.ഡി.പി. അധ്യക്ഷൻ ചന്ദ്രബാബു നായിഡു പ്രതികരിച്ചു.

Jiji Thomson’s Revelation Against Gyanesh Kumar Triggers National Political Storm; Rahul Gandhi Alleges Match Fixing

More Stories from this section

family-dental
witywide